കട്ടപ്പന:
ജില്ലയുടെ സമഗ്ര വികസനത്തിന് നൂതന ആശയങ്ങൾ തേടിയും വിവിധ മേഖലകളിലെ വിദ്യാർഥികളുടെ പ്രശ്നങ്ങൾ നേരിട്ടുകേട്ടും ജില്ലാ വികസന കമീഷണർ അർജുൻ പാണ്ഡ്യൻ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ജില്ലാ പ്രതിഭാ പരിപോഷണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച “ഇടുക്കി നാളെയുടെ വികസന കാഴ്ചപ്പാട്” എന്ന വെബിനാറിലായിരുന്നു സംവാദം സംഘടിപ്പിച്ചത്.
ഹൈറേഞ്ചിലെ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത പരിഹരിക്കേണ്ടതിന്റെ ആവശ്യകതയാണ് മിക്ക കുട്ടികളും അവതരിപ്പിച്ചത്. അധികൃതരുടെ ശ്രദ്ധ എത്താതെ അവഗണിക്കപ്പെടുന്ന കേന്ദ്രങ്ങളെ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചാൽ വികസനത്തിനും വിനോദസഞ്ചാരത്തെ ആശ്രയിച്ച് ജീവിക്കുന്ന ജനങ്ങളുടെ ജീവിതം മെച്ചപ്പെടുന്നതിനും കാരണമാകുമെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.
ചർച്ചയിൽ ഉയർന്ന് വന്ന ബൈസൻവാലി സ്‌കൂൾ അദ്ദേഹം സന്ദർശിക്കുകയും അധികൃതരിൽനിന്ന് കാര്യങ്ങൾ നേരിട്ട് ചോദിച്ചറിയുകയും ചെയ്തു. ഒന്നര മണിക്കൂർ നീണ്ട സംവാദത്തിൽ കട്ടപ്പന, തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അമ്പത്തിയഞ്ചിലേറെ കുട്ടികൾ പങ്കെടുത്തു.
കട്ടപ്പന വിദ്യാഭ്യാസ ജില്ലാ ഓഫീസർ സൈദലവി മങ്ങാട്ടുപറമ്പൻ, ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം കട്ടപ്പന വിദ്യാഭ്യാസ ജില്ലാ കോ–ഓർഡിനേറ്റർ എസ് റിയാസ്, തൊടുപുഴ വിദ്യാഭ്യാസ ജില്ലാ കോ ഓർഡിനേറ്റർ ജേക്കബ്, കല്ലാർ ഗവ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനി വൈഷ്ണവി, ഗിരി ഭാസ്കർ എന്നിവർ സംസാരിച്ചു.