വെള്ളമുണ്ട:
വാളാരംകുന്ന്, കൊയറ്റുപാറ പ്രദേശത്തുനിന്നു മാറിത്താമസിക്കണമെന്ന് ആവശ്യപ്പെട്ടതിനെതിരെ ഒരു വിഭാഗം കോളനി നിവാസികൾ പരാതിയുമായി രംഗത്ത്. പ്രകൃതിദുരന്ത ഭീഷണി നിലനിൽക്കുന്ന പ്രദേശമായതിനാൽ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്ന് പഞ്ചായത്ത് സെക്രട്ടറി വിളിച്ചു ചേർത്ത ഗുണഭോക്താക്കളുടെ യോഗത്തിൽ നിർദേശം നൽകിയിരുന്നു. പതിറ്റാണ്ടുകളായി കൈവശം വച്ചു വരുന്നതും ഉപജീവനോപാധിയുമായ കൃഷിസ്ഥലമടക്കം ഉപേക്ഷിച്ചു നാമമാത്രമായി ലഭിക്കുന്ന സ്ഥലത്തേക്ക് മാറിത്താമസിക്കണമെന്ന നിർദേശം അംഗീകരിക്കില്ലെന്നാണ് ഇവരുടെ നിലപാട്.
കോളനിക്കാർ കലക്ടർ, ജില്ലാ പൊലീസ് മേധാവി, വെള്ളമുണ്ട പൊലീസ് എന്നിവർക്കു പരാതി നൽകി. ലക്ഷങ്ങൾ മുടക്കി വഴിയും മറ്റു സൗകര്യങ്ങളും ഒരുക്കിയ വീടുകളും ഇവിടെയുണ്ട്. പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിലെ 73 കുടുംബങ്ങളാണ് ഇരു കോളനികളിലായി ഉള്ളത്.
അവരിൽ സ്ഥലവും വീടും ഇല്ലാത്തവർക്കു മാറിത്താമസിക്കുന്നതിനോട് യോജിപ്പാണ്. മറ്റുള്ളവർക്ക് പ്രകൃതി ദുരന്ത സാധ്യതാ സമയങ്ങളിൽ മാറിത്താമസിക്കാൻ ഷെൽറ്റർ സ്ഥാപിക്കുകയും അല്ലാത്തപ്പോൾ നിലവിലെ വീടുകളിൽ കഴിയാൻ അനുവദിക്കണമെന്നുമാണു കോളനിക്കാരുടെ ആവശ്യം. എന്നാൽ, മണ്ണിടിച്ചിൽ പതിവായ ഇവിടെ ഏതു സമയവും അപകട സാധ്യത നിലനിൽക്കുന്നതായി അധികൃതർ പറയുന്നു.
മറ്റിടങ്ങളിലേക്ക് താമസം മാറിയാൽ കൃഷി ഭൂമി നശിക്കുമെന്നും ഉപജീവന മാർഗം നിലയ്ക്കുമെന്നും കോളനിക്കാർ പരാതിപ്പെടുന്നു. പിന്നീട് കൃഷി ഭൂമിയിലെ അവകാശം പോലും നിഷേധിക്കപ്പെടുമെന്ന ആശങ്കയും ഇവർക്കുണ്ട്. കോളനി സ്ഥിതി ചെയ്യുന്ന ബാണാസുര മലയിൽ റിസോർട്ടുകൾ അടക്കം ഒട്ടേറെ സ്വകാര്യ സ്ഥാപനങ്ങൾ ഉണ്ടെങ്കിലും അവയൊന്നും മാറ്റി സ്ഥാപിക്കാൻ ആവശ്യപ്പെടാതെ കോളനിക്കാരോടു മാത്രം മാറാൻ പറയുന്നത് എന്തിനെന്നും ഇവർ ചോദിക്കുന്നു.
നിശ്ചിത പരിധിക്കുള്ളിൽ വീടുകൾ സ്ഥിതി ചെയ്യുന്നതിനാൽ അടച്ചുപൂട്ടിയ ക്വാറികൾ, പുനരാരംഭിക്കാനുള്ള നടപടിയുടെ ഭാഗമാണിതെന്നും ആരോപണമുണ്ട്. നിലവിൽ 20 ഏക്കറിലധികം കൃഷി ഭൂമി രണ്ടു കോളനികളിലുമായി ഉണ്ട്. വാഴ, കാപ്പി, കുരുമുളക്, ഇഞ്ചി എന്നിവയാണു കൃഷി.
2018,19 വർഷങ്ങളിൽ ഉണ്ടായ പ്രകൃതിക്ഷോഭത്തെ തുടർന്നാണു വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കോളനിക്കാരെ മാറ്റിത്താമസിപ്പിക്കണമെന്ന സർക്കാർ നിർദേശം വന്നത്. പട്ടിക ഗോത്ര വർഗ കമ്മിഷനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോളനിക്കാർ ഉന്നയിക്കുന്ന ആവശ്യം കലക്ടർക്ക് കൈമാറിയിരുന്നു.