Thu. May 2nd, 2024

തൃശൂർ:

ശക്തൻ നഗറിൽ ഉയരുന്ന ആകാശനടപ്പാലത്തിന്റെ  കോൺക്രീറ്റ്‌ തൂണുകളുടെ നിർമാണം പൂർത്തിയായി.
ഇതിനുകളിൽ സ്ഥാപിക്കുന്ന സ്‌റ്റീൽ ഫ്രെയിം നിർമാണം പൂർത്തിയായി. വൻ ഭാരമുള്ള ഈ ഫ്രെയിം മഴ മാറിയാൽ മുകളിലേക്ക്‌ ഉയർത്തും.

ശേഷിക്കുന്ന പകുതി ഭാഗത്തിന്റെ പണിയും നടന്നുവരികയാണ്‌. കോവിഡ്‌  വ്യാപനത്തെതുടർന്ന്‌ വ്യവസായിക ആവശ്യത്തിനുള്ള ഓക്‌സിജനുൾപ്പെടെ തരംമാറ്റി ചികിത്സക്ക്‌ പ്രയോജന പെടുത്തിയിരുന്നു.  ആകാശപ്പാലത്തിന്റെ വെൽഡിങ്ങിനും ഷീറ്റു മുറിക്കലിനും ലഭിച്ചിരുന്ന ഓക്‌സിജനും മുടങ്ങി.

അടച്ചുപൂട്ടലും പ്രതിസന്ധിയായി.  ഇത്‌   നിർമാണത്തിന്‌ തടസ്സമായിരുന്നു.
5.30 കോടി ചെലവിൽ വൃത്താകൃതിയിലാണ് കൂറ്റൻ ആകാശമേൽപ്പാലം നിർമിക്കുന്നത്.

ആറുമീറ്റർ ഉയരത്തിൽ മൂന്നുമീറ്റർ വീതിയിലാണ് നടപ്പാലം. മുകളിൽ ഷീറ്റും കൈവരികളുമുണ്ടാവും. സോളാർ ഉൾപ്പെടെ വെളിച്ച സംവിധാനവുമുണ്ടാവും.
280 മീറ്ററിലുള്ള പാലത്തിന്റെ 140 മീറ്റർ  ഫ്രെയിം പണിപൂർത്തിയായി.

ഇത്‌  സ്‌റ്റൂളിൽ  ഉയർത്തിവച്ച്‌  അടിഭാഗം വെൽഡ്‌ ചെയ്‌തശേഷമാണ്‌ മുകളിലേക്ക്‌  ഉയർത്തുക. മഴ കാരണം ഭൂമി താഴുന്നുണ്ട്‌. മഴ കുറഞ്ഞാൽ ഉടൻ ഉയർത്താനാവും.

നടപാതയിൽ  കോൺക്രീറ്റും ചെയ്യും. കോവിഡ്‌ പ്രതിസന്ധി അതിജീവിച്ച്‌ ബാക്കി ഭാഗങ്ങളുടെ പണികളും നടന്നുവരികയാണ്‌.
കെഎസ്ആർടിസി റോഡ്, ഇക്കണ്ടവാര്യർ റോഡ്, പട്ടാളം റോഡ്, കണിമംഗലം റോഡ് എന്നീ നാലു റോഡുകളും സംഗമിക്കുന്ന സ്ഥലത്താണ് പാലം.

മുകളിലേക്ക്‌ കയറിയാൽ എട്ടു ഭാഗങ്ങളിൽനിന്നായി പടികളുണ്ടാവും. മുകളിൽ കയറിയാൽ  ബസ്‌ സ്‌റ്റാൻഡ്, പച്ചക്കറി മാർക്കറ്റ്, മത്സ്യമാർക്കറ്റ്  തുടങ്ങി ഏതു ഭാഗങ്ങളിലേക്കും  ഇറങ്ങാം.

കഴിഞ്ഞ എൽഡിഎഫ്‌ ഭരണസമിതിയാണ്‌ അമൃത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി ആകാശപ്പാലം  വിഭാവനം ചെയ്‌തത്‌. കിറ്റ്കോയാണ് മാതൃക തയ്യാറാക്കിയത്.  പാലം പൂർത്തിയാവുന്നതോടെ ശക്തൻ സ്‌റ്റാൻഡിലെ അപകടങ്ങൾ കുറയ്‌ക്കാനാവും.