Tue. Mar 19th, 2024
കോഴിക്കോട്‌:

ആഭ്യന്തര വിപണിയിലെ ആവശ്യം വർദ്ധിച്ചതോടെ തിരുവണ്ണൂർ കോട്ടൺ മില്ലിന്‌ കൊവിഡിലും വിജയക്കുതിപ്പ്‌. മാസങ്ങൾ പിന്നിടുന്തോറും മാസവിറ്റുവരവും പ്രവർത്തന ലാഭവും ഇരട്ടിച്ച്‌ അഭിമാന നേട്ടം നെയ്യുകയാണ്‌ ഈ പൊതുമേഖലാ സ്ഥാപനം. കഴിഞ്ഞ വർഷമവസാനം 2.6 കോടി രൂപ ആയിരുന്ന മാസ വിറ്റുവരവ്‌ എട്ട്‌ മാസത്തിനകം നാല്‌ കോടിവരെ ആയി ഉയർന്നു.

ഒരുകാലത്ത്‌ തകർച്ചയിലായിരുന്ന മലബാർ സ്പിന്നിങ്‌ ആൻഡ്‌‌ വീവിങ്‌ മിൽ ലാഭത്തിലേക്കുള്ള യാത്രയിലാണിപ്പോൾ. പത്ത് വർഷത്തിൽ ആദ്യമായി കഴിഞ്ഞ നവംബറിലാണ്‌ എട്ട്‌ ലക്ഷം രൂപ പ്രവർത്തനലാഭം കൈവരിച്ചത്‌. തുടർന്നിങ്ങോട്ടാണ്‌ മുന്നേറ്റം.

നിലവിൽ മാസം ശരാശരി 25 ലക്ഷം രൂപ ലാഭത്തിലാണ്‌.കൊവിഡ്‌ മൂലം പ്രതിസന്ധിയുണ്ടായ ഒരു മാസമൊഴികെ ഏഴ്‌ മാസവും നേട്ടമുണ്ടാക്കാനായി. മുമ്പ്‌ 60 ലക്ഷം രൂപ വരെ മാസം നഷ്‌ടമുണ്ടായിടത്താണീ മാറ്റം.

കൊവിഡിൽ മറ്റു സംസ്ഥാനങ്ങളിലെ പല മില്ലുകളും തുറക്കാതായ സാഹചര്യത്തിലാണ്‌ തിരുവണ്ണൂരിലെ നൂലിന്‌ ആവശ്യം കൂടിയത്‌. അടച്ചിടൽവേളയിൽ മൂന്ന്‌ മാസത്തോളം കമ്പനി തുറന്നിരുന്നില്ല. സംസ്ഥാന സർക്കാരിൽനിന്ന്‌ ധനസഹായം ലഭിച്ചതിനാൽ പ്രതിസന്ധിയില്ലാതെ പ്രവർത്തിക്കാനായി.

ഒപ്പം ടെക്‌സ്‌റ്റൈൽ കോർപറേഷൻ മാനേജ്‌മെന്റും തൊഴിലാളികളും കൂട്ടായി പ്രവർത്തിച്ച്‌ ഉപകരണങ്ങൾ 90 ശതമാനത്തിലധികവും ഉപയോഗിച്ച്‌ ഉല്പ്പാദനം കൂട്ടി. തമിഴ്‌നാട്‌, മഹാരാഷ്‌ട്ര, മധ്യപ്രദേശ്‌ തുടങ്ങിയ സ്ഥലങ്ങളിലേക്കായി ദിവസം 4000 കിലോ നൂലാണ്‌ ഇപ്പോൾ ഉല്പ്പാദിപ്പിക്കുന്നത്‌.
തൊഴിലാളികൾക്ക്‌ മുടങ്ങിയ വേതനവും ആനുകൂല്യവും കഴിഞ്ഞ വർഷം കൊടുത്തുതീർത്തു.

ഉല്പ്പാദനം വർദ്ധിച്ചതോടെ കൂടുതൽ ട്രെയിനികളെയും നിയോഗിച്ചിരുന്നു. നൂറിലേറെ തൊഴിലാളികളെ സ്ഥിരപ്പെടുത്തുകയുംചെയ്‌തു.