Mon. Dec 23rd, 2024
മൂന്നാർ:

ഉദ്യോഗസ്ഥ അലംഭാവവും കൊവിഡ് പ്രതിസന്ധിയും മൂലം വർഷങ്ങളായി അടഞ്ഞു കിടക്കുന്ന ദേവികുളത്തെ അതിഥി മന്ദിരവും യാത്രിനിവാസും തുറക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള അതിഥി മന്ദിരം അടുത്ത മാസം ഒന്നിനും ടൂറിസം വകുപ്പിന് കീഴിലുള്ള യാത്രിനിവാസ് 24 നുമാണ് തുറക്കുക. ഇതിന്റെ ഭാഗമായി ജില്ലാ വികസന കമ്മിഷണർ അർജുൻ പാണ്ഡ്യൻ, ദേവികുളം സബ്കലക്ടർ രാഹുൽ കൃഷ്ണ ശർമ എന്നിവർ ഇവിടെ എത്തി പരിശോധന നടത്തി.

രാജഭരണകാലത്ത് ശ്രീമൂലം തിരുനാളിന്റെ വേനൽക്കാല വസതിയായിരുന്നു അതിഥി മന്ദിരം. കേരളപ്പിറവിയോടെ ഗവർണറുടെ വേനൽക്കാല വസതിയായി. അന്നു സ്ഥാപിച്ച ഔദ്യോഗിക ചിഹ്നങ്ങളായ ചുവപ്പ്, നീല ലൈറ്റുകൾ ഇന്നും ഈ കെട്ടിടത്തിന്റെ മുകളിലുണ്ട്.

നിലവിൽ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള അതിഥി മന്ദിരത്തിൽ നാല് സ്വീറ്റ് മുറികളാണുള്ളത്. അറ്റകുറ്റപ്പണികൾക്കായി 4 വർഷം മുൻപാണ് ഇത് അടച്ചത്.

പണികൾ അനിശ്ചിതമായി നീളുന്നതിനിടെ കോവിഡ് പ്രതിസന്ധി വന്നതോടെ മന്ദിരം അടഞ്ഞു തന്നെ കിടന്നു. ഇപ്പോൾ അറ്റകുറ്റപ്പണികൾ എല്ലാം പൂർത്തിയായി. ഇതിനു സമീപം തന്നെയാണ് ടൂറിസം വകുപ്പിന്റെ യാത്രി നിവാസ്.

14 മുറികളുള്ള ഇത് 2014 ലാണ് ഉദ്ഘാടനം ചെയ്തത്. കോവിഡ് പ്രതിസന്ധി മൂലം 2020 മാർച്ചിൽ അടച്ചുപൂട്ടി. ഇവ രണ്ടും പ്രവർത്തനം ആരംഭിക്കുന്നതു ദേവികുളത്ത് കൂടുതൽ സഞ്ചാരികൾ എത്താൻ സഹായകമാകും.