Fri. Apr 26th, 2024
കോന്നി:

മലയാലപ്പുഴ പഞ്ചായത്തിലെ കടവുപുഴയിൽ ടൂറിസം പദ്ധതി നടപ്പിലാക്കാൻ അഡ്വ കെ യു ജനീഷ്‌കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ സാധ്യതാപഠനം നടത്തി. ഹാരിസൺ എസ്റ്റേറ്റിൽ മാനേജർ ബംഗ്ലാവ് കേന്ദ്രമാക്കിയുള്ള ടൂറിസം പദ്ധതി തയ്യാറാക്കാനുള്ള പരിശോധനയാണ് നടന്നത്.

എംഎൽഎയോടൊപ്പം ഹോസ്പിറ്റാലിറ്റി കൺസൾട്ടന്റ്‌ റെയ്സൺ വി ജോർജ്‌, ബ്രാൻഡ്‌ കൺസൾട്ടന്റ്‌ രമേശ് രംഗനാഥ്, എംടിബി ട്രെയിനർ ഷഗ്സിൽ ഖാൻ, ടൂറിസം അഡ്വൈസർമാരായ ബിനോജ്, ബിയോജ് എസ് നായർ, എംഎൽഎ ഓഫീസിലെ ടൂറിസം കോ -ഓർഡിനേറ്റർ രാജേഷ് ആക്ലേത്ത്,
എന്നിവരടങ്ങിയ വിദഗ്ധ സംഘവും ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീലാകുമാരി ചാങ്ങയിൽ, വൈസ് പ്രസിഡന്റ്‌ കെ ഷാജി, പഞ്ചായത്തംഗം ബിജു എസ് പുതുക്കുളം എന്നിവരും ഉണ്ടായിരുന്നു.

കുതിരസവാരി, പക്ഷിനിരീക്ഷണം, വാനനിരീക്ഷണം പ്രകൃതിഭംഗിയോടു കൂടിയ കുന്നും മലകളും ദീർഘദൂര കാഴ്ച സമ്മാനിക്കുന്ന കടവുപുഴയിൽ ഉപയോഗിക്കാതെ കിടക്കുന്ന ക്വാർട്ടേഴ്സുകൾ നവീകരിച്ച് സഞ്ചാരികൾക്ക് താമസസൗകര്യം ഒരുക്കും. എസ്റ്റേറ്റ് റോഡിൽ കുതിര സവാരി നടത്തുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തും.

പക്ഷി നിരീക്ഷണത്തിനും ചന്ദ്രനേയും നക്ഷത്രങ്ങളേയും നിരീക്ഷിക്കുന്നതിനുമുള്ള സൗകര്യങ്ങളും ഏർപ്പെടുത്താൻ കഴിയും. കല്ലാറും കോടമഞ്ഞും വെള്ളച്ചാട്ടവുമെല്ലാം സഞ്ചാരികൾക്ക് മനോഹര ദൃശ്യങ്ങളാകും നൽകുക. മാനേജർ ബംഗ്ലാവ്‌ സഞ്ചാരികൾക്കായി ഒരുക്കും.