Wed. Jan 22nd, 2025

പാലക്കാട്:

സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതി മൊയ്തീന്‍കോയ പിടിയില്‍. പാലക്കാട് നോര്‍ത്ത് പൊലീസാണ് കോഴിക്കോട് നിന്നും മൊയ്തീന്‍കോയയെ പിടികൂടിയത്. ഇയാളെ പാലക്കാട് എത്തിച്ചു.

വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. അതിന് ശേഷം മേട്ടുപ്പാളയത്തെ ഷോപ്പില്‍ എത്തിച്ച് തെളിവെടുക്കും. കോഴിക്കോട് സമാന്തര സമാന്തര എക്‌സ്‌ചേഞ്ച് നടത്തിയിരുന്നത് ഇയാളുടെ സഹോദരനാണ്.

സെപ്റ്റംബര്‍ 14 ന് രാത്രിയാണ് പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ ഷോപ്പിംഗ് കോംപ്ലക്‌സിലെ കടമുറിയില്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. മൊയ്തീന്‍ കോയ കഴിഞ്ഞ എട്ട് വര്‍ഷമായി മേട്ടുപ്പാളയം സ്ട്രീറ്റില്‍ ‘ കീര്‍ത്തി ആയുര്‍വേദിക് ‘ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.

സ്ഥാപനത്തിന്റെ പേരില്‍ 200 ഓളം സിം കാര്‍ഡുകളാണ് ഇയാള്‍ എടുത്തിട്ടുള്ളത്. ഇന്റര്‍ നാഷണല്‍ ഫോണ്‍കോളുകള്‍ എസ്.ടി.ഡി കോളുകളാക്കി മാറ്റം വരുത്തി സാമ്പത്തിക ലാഭം കൈവരിക്കലാണ് ഇയാളുടെ രീതി. ഇയാളെ നാട്ടുകാര്‍ ബി.എസ്.എന്‍.എല്‍ കോയ എന്നാണ് വിളിച്ചിരുന്നത്.

മൊയ്തീന്‍ കോയയുടെ മകന്‍ ഷറഫുദ്ദീന് ചേവായൂര്‍ പോലീസ് സ്റ്റേഷനിലും, സഹോദരന്‍ ഷബീറിന് കോഴിക്കോട് പോലീസ് സ്റ്റേഷനിലും സമാന രീതിയിലുള്ള കുറ്റകൃത്യം ചെയ്തതിന് കേസുകള്‍ നിലവിലുണ്ട്. മൊയ്തീന്‍ കോയക്കെതിരെ രണ്ടു മാസം മുമ്പ് മലപ്പുറം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഒളിവില്‍ കഴിയവേയാണ് പാലക്കാട് പൊലീസിന്റെ പിടിയിലായത്.