Mon. Dec 23rd, 2024

മൂവാറ്റുപുഴ∙

വർക്‌ഷോപ്പുകൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന സംഘത്തിലെ ഒരാളെ വർക്‌ഷോപ് ജീവനക്കാർ ചേർന്നു പിടികൂടി പൊലീസിൽ ഏൽപിച്ചു. മറയൂർ സ്വദേശി സതീശൻ(49) ആണ് പിടിയിലായത്.  ഞായറാഴ്ച രണ്ടരയോടെയാണ് ഇയാൾ വാഴപ്പിള്ളി ഷാപ്പുംപടിയിൽ പ്രവർത്തിക്കുന്ന എബിഎസ് വർക്‌ഷോപ്പിൽ എത്തിയത്.

ഇവിടെ ഉണ്ടായിരുന്ന വാഹനത്തിന്റെ യന്ത്രഭാഗങ്ങളും സ്പെയർ പാർട്സുമായി കടന്നയാളെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ജീവനക്കാർ പിന്തുടർന്നു പിടികൂടുകയായിരുന്നു. പിന്നീട് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ മാസം പേഴയ്ക്കാപ്പിള്ളി, വാഴപ്പിള്ളി എന്നിവിടങ്ങളിൽ വർക്‌ഷോപ്പുകളിൽ നിന്നടക്കം മോഷണം നടന്നിരുന്നു.

വാഴപ്പിള്ളിയിൽ മോഷണം നടത്തിയ ഒഡീഷ സ്വദേശിയെ വർക്‌ഷോപ്പ് ഉടമ പിടികൂടി പൊലീസിൽ ഏൽപിച്ചെങ്കിലും കേസ് എടുക്കാതെ വിട്ടയച്ചതു വിവാദമായിരുന്നു. പ്രദേശത്തെ വർക്‌ഷോപ്പുകളിലെ വിവിധ വാഹനങ്ങളുടെ ബാറ്ററിയും എൻജിൻ ഉൾപ്പെടെയുള്ള യന്ത്ര സാമഗ്രികളും മോഷണം പോകുന്നത് പതിവായിട്ട് നാളുകളായി.

അന്നു പിടിയിലായ ഒഡീഷ സ്വദേശി വർക്‌ഷോപ്പുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന മോഷണ സംഘത്തെ കുറിച്ച് വിശദമായി വിവരങ്ങൾ നൽകിയിരുന്നു. മലയാളികൾ അടക്കമുള്ളവർ സംഘത്തിലുണ്ടന്നും പറഞ്ഞിരുന്നു.