പറവൂർ∙
13 വില്ലേജുകൾ ഉൾപ്പെടുന്ന പറവൂർ താലൂക്ക് ഓഫിസിൽ ആകെയുള്ളത് ഒരു സർവേയർ ആവശ്യങ്ങൾ നടത്തിക്കിട്ടാൻ കാലതാമസം നേരിടുന്നതിനാൽ ജനങ്ങൾ ദുരിതത്തിൽ. സർവേയർമാരെ അന്വേഷിച്ച് ഒട്ടേറെയാളുകൾ ദിവസേന താലൂക്ക് ഓഫിസിൽ കയറിയിറങ്ങുന്നു. താലൂക്ക് ഓഫിസിൽ 2 സർവേയർമാർ വേണം.
ഒരാൾ സ്ഥലം മാറിപ്പോയിട്ട് ഒന്നരമാസമായി. പകരം ആളെ വച്ചെങ്കിലും അയാൾ ഇതുവരെ ജോലിയിൽ പ്രവേശിച്ചിട്ടില്ല. രണ്ടാമത്തെയാൾ കോവിഡ് പിടിപെട്ടു 14 ദിവസം വീട്ടിലായിരുന്നു. തിരിച്ചെത്തിയെങ്കിലും പറവൂരിലെ തിരക്കു കണക്കിലെടുത്താൽ ഒരു സർവേയർ പോര.
നെൽവയൽ, തണ്ണീർതട സംരക്ഷണ നിയമപ്രകാരമുള്ള ഭൂമി തരംമാറ്റം, അതിർത്തി പുനർനിർണയം, ഭൂമി സംബന്ധിച്ച കോടതി കേസുകൾ എന്നിവയെല്ലാം ഒരു സർവേയർ തന്നെ ചെയ്യേണ്ട സ്ഥിതിയാണ്. എല്ലാ സ്ഥലങ്ങളിലും സർവേയർ നേരിട്ടു പോകേണ്ട സാഹചര്യം ഉള്ളതു ജനങ്ങൾക്കു കാര്യങ്ങൾ നടന്നുകിട്ടാൻ കാലതാമസം നേരിടുന്നു.
പറവൂർ, ചേന്ദമംഗലം, വരാപ്പുഴ, വടക്കേക്കര, മൂത്തകുന്നം, കോട്ടുവള്ളി, ഏഴിക്കര, ഏലൂർ, ആലങ്ങാട്, കുന്നുകര, പുത്തൻവേലിക്കര, കരുമാലൂർ, കടുങ്ങല്ലൂർ എന്നീ വില്ലേജുകൾ പറവൂർ താലൂക്ക് ഓഫിസിനു കീഴിലുണ്ട്. കോവിഡ് പ്രതിസന്ധിയിൽ ഒരുപാട് ദിവസം ഓഫിസ് അടഞ്ഞു കിടന്നു. കോവിഡ് ഭീഷണി മൂലം സർവേയർമാർക്കു സ്ഥലം സന്ദർശിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി.
ഇതെല്ലാം ഫയലുകൾ കെട്ടിക്കിടക്കാൻ കാരണമായി. ഇതിനു പുറമേ ഒരു സർവേയറുടെ കുറവു കൂടി ഉണ്ടായതു പ്രതിസന്ധി രൂക്ഷമാക്കി. മാസങ്ങളായി തീർപ്പാക്കാൻ കഴിയാത്ത ഫയലുകൾ അനേകമുണ്ട്. ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്.