Mon. Dec 23rd, 2024

ആലുവ∙

ജീവനക്കാർക്കു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് വീണ്ടും അടച്ചതോടെ തപാൽ ജീവനക്കാർ ആശങ്കയിൽ. കൊവിഡ് തുടങ്ങിയ ശേഷം അഞ്ചാമത്തെ തവണയാണു ഹെഡ് പോസ്റ്റ് ഓഫിസ് അടയ്ക്കുന്നത്. 48 മണിക്കൂർ ഓഫിസ് അടച്ചിട്ടു പരിസരം അണുമുക്തമാക്കി വീണ്ടും തുറക്കുകയാണു പതിവ്.

ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഉൾപ്പെടുന്ന തപാൽ വകുപ്പിന്റെ ഡിവിഷൻ ആസ്ഥാനവും ഹെഡ് പോസ്റ്റ് ഓഫിസും ആലുവ സബ് പോസ്റ്റ് ഓഫിസും ഒറ്റ കെട്ടിടത്തിലാണ്. ശരാശരി 600 പേർ പ്രതിദിനം ഇവിടെ വന്നുപോകുന്നു. കേന്ദ്ര സർക്കാരിന് എതിരായ രാഷ്ട്രീയ സമരങ്ങളെല്ലാം അരങ്ങേറുന്നതും ഇവിടെയാണ്.

ആളുകളുടെ അശ്രദ്ധമായ ഇടപെടലാണു ജീവനക്കാർക്കു കൊവിഡ് പിടിപെടാൻ കാരണമെന്നാണു പരാതി. ആലുവ തപാൽ ഡിവിഷനിൽ പെട്ട പിറവത്തും കാഞ്ഞൂരിലും 2 ജീവനക്കാർ കൊവിഡ് ബാധിച്ചു മരിച്ചിരുന്നു. ഇവർക്കു തപാൽ വകുപ്പ് ആശ്രിത നിയമനമല്ലാതെ വേറെ ആനുകൂല്യങ്ങളൊന്നും നൽകിയില്ല.

കൊവിഡ് പോസിറ്റീവായവരുടെ വീടുകളിൽ നിന്നുള്ളവർ അക്കാര്യം മറച്ചുവച്ചു തപാൽ ഓഫിസുകളിൽ എത്തുന്നതും പോസിറ്റീവായവരുടെ വീടുകളിൽ പോസ്റ്റ്മാന്മാർ പോകേണ്ടി വരുന്നതുമാണു രോഗം പിടിപെടാനുള്ള പ്രധാന കാരണങ്ങളെന്നു ജീവനക്കാർ പറഞ്ഞു.  ഹെഡ് പോസ്റ്റ് ഓഫിസിൽ പോലും സെക്യൂരിറ്റി ഉദ്യോഗസ്ഥരില്ല.

പനി പരിശോധനാ സംവിധാന‌വുമില്ല. കൈ കഴുകാനുള്ള സൗകര്യവും സാനിറ്റൈസറും ഒരുക്കിയിട്ടുണ്ടെങ്കിലും അത് ഉപയോഗിക്കുന്ന ഇടപാടുകാർ കുറവാണെന്നും പറയുന്നു.