Sat. Nov 23rd, 2024
വൈക്കം:

കച്ചേരിക്കവല-കൊച്ചുകവല റോഡിൽ കാൽനട യാത്രക്കാർക്ക് കെണിയൊരുക്കി പുതിയ നടപ്പാത. ഈ റോഡിൽ നിന്ന് കാലാക്കൽ റോഡ് ആരംഭിക്കുന്ന ഭാഗത്തെ കലുങ്ക് പൊതുമരാമത്ത് വകുപ്പ് വീതി കൂട്ടി പുനർനിർമിച്ചത് അടുത്ത ദിവസങ്ങളിലാണ്.

പുതിയ കലുങ്ക് വന്നപ്പോൾ അതിനൊപ്പം നിർമിച്ച നടപ്പാത കടന്നെത്തുന്നത് കാലാക്കൽ റോഡിലേക്ക് തിരിയുന്ന ഓടയിലേക്കാണ്. ആഴമുള്ള ഈ ഓടയ്ക്ക് മൂടി ഇല്ലാത്തത് വലിയ അപകട ഭീഷണിയായി മാറിയിരിക്കുകയാണ്.

നടപ്പാതയിലൂടെ സഞ്ചരിക്കുന്നവർക്കും വാഹനത്തിൽ യാത്ര ചെയ്യുന്നവർക്കും ചെറിയൊരു ശ്രദ്ധക്കുറവ് വന്നാൽ ഓടയിൽ വീഴാനുള്ള സാധ്യത ഏറെയാണ്. ഓടയിൽ വീണാൽ കരയ്ക്കു കയറാൻ പറ്റാത്ത തരത്തിൽ ടാർ വീപ്പ ഇട്ടിരിക്കുന്നതിനാൽ വീഴുന്നവർക്ക് രക്ഷപ്പെടാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ദിനം പ്രതി നൂറുകണക്കിന് വാഹനം കടന്നു പോകുന്ന തിരക്കേറിയ റോഡിലാണ് ഈ കെണി ഒരുക്കിയിരിക്കുന്നത്.

കാലാക്കൽ റോഡിൽ അന്ധകാരത്തോട് വരെയെത്തുന്ന ഓടയ്ക്ക് കച്ചേരിക്കവല – കൊച്ചുകവല റോഡിലെ തിരക്കേറിയ ഈ ഭാഗത്ത് മാത്രമാണ് മൂടി ഇല്ലാത്തത്. കലുങ്ക് നിർമാണം, ടിവിപുരം വരെയുള്ള റോഡിന്റെയും, ഓടയുടെയും അറ്റകുറ്റപ്പണി എന്നിവയ്ക്കായി 18ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.

അപകട ഭീഷണി ആയിരിക്കുന്ന ഭാഗം എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിനാലാണ് അവിടെ മൂടി സ്ഥാപിക്കാതിരുന്നത്. അടുത്ത എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തി പോരായ്മ പരിഹരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു.