Mon. Dec 23rd, 2024
പെരിന്തൽമണ്ണ:

ജൂബിലി റോഡിലെ ഗവ ആയുർവേദ ആശുപത്രിയിൽ ഒട്ടേറെ കാൻസർ രോഗികൾ ചികിത്സ തേടിയെത്തുന്നു. ആയുർവേദ ചികിത്സയിലൂടെ പലരുടെയും കാൻസർ സുഖപ്പെടുത്തിയ ചീഫ് മെഡിക്കൽ ഓഫിസർ ഡോ എ മനോജ് കുമാറിനെ കാണുകയാണ് ഇവരുടെ ലക്ഷ്യം. ആയുർവേദത്തിലൂടെ കാൻസർ രോഗം തടയുന്നതിന് മനോജ്കുമാർ ഏറെക്കാലം ഗവേഷണം നടത്തിയിരുന്നു.

വിവിധ വിഭാഗങ്ങളിലുൾപെട്ട ഒട്ടേറെ കാൻസർ രോഗികൾക്ക് ഇതിനകം ഇവിടെ ആശ്വാസം ലഭിച്ചതായി ഡോ മനോജ്‌ കുമാർ പറയുന്നു. ഡോക്‌ടറുടെ സേവനം മുൻ നിർത്തി 2018 ൽ സംസ്ഥാന സർക്കാർ ഇവിടെ ബ്രെയിൻ ട്യൂമർ റിസർച് യൂണിറ്റ് തുടങ്ങി. ആയുർവേദ ചികിത്സയിലൂടെ രോഗം ഭേദമായ കാൻസർ ബാധിതരുടെ സംഗമം പുലാമന്തോളിലും പെരിന്തൽമണ്ണയിലും സംഘടിപ്പിച്ചിരുന്നു.

വിവിധ രാജ്യാന്തര സെമിനാറുകളിൽ കാൻസറിലെ ആയുർവേദ ചികിത്സയെക്കുറിച്ച് ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ഡോ മനോജ് കുമാറിനെ മികച്ച ആയുർവേദ ഡോക്‌ടർക്കുള്ള ചരക പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ നഗരസഭ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിന് 5 കോടി രൂപ ചെലവിൽ ഗവ ആയുർവേദ ആശുപത്രിയുടെ നിർമാണവും ആരംഭിച്ചിട്ടുണ്ട്.