Thu. Jan 23rd, 2025
കോഴഞ്ചേരി:

മെഴുവേലി പഞ്ചായത്ത് ജല സ്രോതസുകളുടെ സാധ്യതകളെക്കുറിച്ച് പഠനം ആരംഭിച്ചു. പഞ്ചായത്തിന്റെ ഹൃദയധമനിപോലെ ഒഴുകിയിരുന്ന നെടിയകാല-കുളക്കട-മൂന്നുതെങ്ങ് നീർച്ചാലിലൂടെ യാത്രചെയ്‌തായിരുന്നു പഠനം.

പമ്പയുടെ പ്രധാന കൈവഴികളിൽ ഒന്നായ കോഴിത്തോട്ടിൽ (വലിയതോട് ) പതിക്കുന്ന നീരൊഴുക്കാണിത്. ആറു കിലോമീറ്റർ ദൈർഘ്യം വരും. മുൻപ് അഞ്ചു മീറ്റർ വരെ വീതി ഉണ്ടായിരുന്നു. തിട്ട ഇടിഞ്ഞും മറ്റും അടിത്തട്ട് ഉയർന്ന് പലഭാഗത്തും വെള്ളം വറ്റിയ സ്ഥിതിയാണ്.

പഞ്ചായത്തിലെ ചെറുതും വലുതുമായ എല്ലാ തോടുകളെക്കുറിച്ചും പഠനം നടത്തിയ ശേഷമാകും പുനരുജ്ജീവന പദ്ധതി തയ്യാറാക്കുക. മെഴുവേലി -2025 പദ്ധതിയുടെ ഭാഗമായിരുന്നു നീർച്ചാലിലൂടെ നടത്തം.
പഞ്ചായത്തിന്റെ വികസനം ലക്ഷ്യമാക്കി രൂപീകരിച്ച “ഒരുമ” യുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നുവരുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ ഓമല്ലൂർ ശങ്കരൻ, അംഗം ആർ അജയകുമാർ, ഒരുമ രക്ഷാധികാരി കെ സി രാജഗോപാലൻ, പഞ്ചായത്ത് പ്രസിഡന്റ്‌ പിങ്കി ശ്രീധർ, വൈസ് പ്രസിഡന്റ്‌ അനില ചെറിയാൻ തുടങ്ങിയവർ പഠനയാത്ര സംഘത്തിലുണ്ടായിരുന്നു.

തുടർന്നു നടന്ന അവലോകന യോഗം അഡ്വ ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. പിങ്കി ശ്രീധർ അധ്യക്ഷയായി. ആർ അജയകുമാർ, ഐആർടിസി റിട്ട സയൻ്റിസ്റ്റ് ഡോ അജയകുമാർ വർമ, ലാൻഡ്‌ യൂസേഴ്സ് ബോർഡ് ഡയറക്ടർ നിസാമുദ്ദീൻ, ജില്ലാ മണ്ണുസംരക്ഷണ വിഭാഗം മേധാവി അരുൺകുമാർ, ഫിഷറീസ് വകുപ്പ് മേധാവി ശ്രീകുമാർ, കൃഷി ഓഫീസർ താരാ മോഹൻ, മൈനർ ഇറിഗേഷൻ ഓവർസിയർ പ്രസാദ്, ബീനാ ഗോവിന്ദ്, അജിത്, എസ് സജിത് തുടങ്ങിയവർ സംസാരിച്ചു.