പുനലൂർ:
ക്ഷേത്രക്കുളം മത്സ്യകൃഷിക്കായി തെരഞ്ഞെടുത്ത നഗരസഭ നടപടി വിവാദത്തിലേക്ക്. ഇത് വിശ്വസികൾക്കെതിരെയുള്ള വെല്ലുവിളിയാണെന്ന് ആരോപിച്ച് യു ഡി എഫ് രംഗത്തുവന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള അഷ്ടമംഗലം ശ്രീമഹാവിഷ്ണു- ശ്രീമഹാഭഗവതി ക്ഷേത്രങ്ങൾക്ക് മുന്നിലുള്ള ക്ഷേത്രക്കുളത്തിൽ ജനകീയ മത്സ്യകൃഷി നടത്താനുള്ള സർക്കാർ ഉത്തരവാണ് വിവാദമായത്.
ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവനുസരിച്ചാണ് ജില്ലയിലെ 55.9 ഹെക്ടർ പൊതുകുളങ്ങളിൽ മത്സ്യകൃഷി ചെയ്യുന്നത്.
പുനലൂർ നഗരസഭ തെരഞ്ഞെടുത്ത് നൽകിയ അഷ്ടമംഗലം ക്ഷേത്രക്കുളത്തിൻറ കാര്യം മാത്രമാണ് ഉത്തരവിലുള്ളത്. 2011 ൽ ക്ഷേത്രക്കുളത്തിെൻറ നവീകരണം സർക്കാർ നടത്തിയപ്പോൾ ക്ഷേത്ര ആവശ്യത്തിന് കഴിഞ്ഞുള്ള ജലം കൃഷിക്കായി നൽകാമെന്ന ധാരണ ദുർവ്യാഖ്യാനം ചെയ്താണ് മത്സ്യകൃഷി ആരംഭിക്കാൻ തയാറാകുന്നതെന്നാണ് പ്രതിപക്ഷ ആരോപണം.
മറ്റ് പൊതുകുളങ്ങൾ തെരഞ്ഞെടുക്കാതെ ക്ഷേത്രക്കുളത്തിൽതന്നെ മത്സ്യം വളർത്തി വിൽക്കണമെന്ന വാശി എന്തു വില കൊടുത്തും ചെറുക്കുമെന്ന് യു ഡി എഫ് പാർലമെൻററി പാർട്ടി ലീഡർ ജി ജയപ്രകാശ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ കനകമ്മ, കൗൺസിലർമാരായ എൻ സുന്ദരേശൻ, സാബു അലക്സ്, എസ് പൊടിയൻ പിള്ള, കെ ബിജു, കെ എൻ ബിപിൻകുമാർ, എം പി റഷീദ് കുട്ടി, ബീനാ ശാമുവൽ, റംലത്ത് സഫീർ, നിർമല സത്യൻ, ഷഫീല ഷാജഹാൻ, ജ്യോതി സന്തോഷ്, ഷെമി അസീസ് എന്നിവർ അറിയിച്ചു.