നെടുമങ്ങാട്:
വിലയിലെ കുറവും ഭക്ഷണത്തിെൻറ സ്വാദുമാണ് ആര്യനാട്ടെ അമ്മക്കൂട്ടത്തിനെ ജനകീയമാക്കുന്നത്. സാധാരണക്കാര്‍ക്ക് ഭക്ഷണം കൊടുക്കാനായി തുടങ്ങിയ പഞ്ചായത്തിൻ്റെ വനിത ഹോട്ടല്‍ ഇന്ന് ജനത്തിരക്കുകൊണ്ട് സജീവമാണ്. ആര്യനാട് പഞ്ചായത്തിലെ മാര്‍ക്കറ്റില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വനിത ഹോട്ടലാണ് നാട്ടുകാര്‍ക്ക് കുറഞ്ഞ ചെലവില്‍ അന്നമൂട്ടുന്നത്.
മുമ്പൊരിക്കൽ മീനാങ്കല്‍ സ്വദേശി ഗീതയും കൂട്ടരും നെടുമങ്ങാട്ടെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച ശേഷം പണം ഒടുക്കാനായി കൗണ്ടറിലെത്തി. ഭക്ഷണത്തിൻ്റെ വിലകേട്ട ഗീത തെല്ലൊന്ന് ഞെട്ടി. അന്ന് മനസ്സില്‍ തീരുമാനിച്ചതാണ് നാട്ടുകാര്‍ക്ക് കുറഞ്ഞ ചെലവില്‍ നല്ല ഭക്ഷണം നല്‍കണമെന്ന്.
ഈ ചിന്തയില്‍ നിന്നാണ് വനിത ഹോട്ടലിന് തിരിതെളിഞ്ഞത്. ക്ഷണത്തിന് അമിതവില ചോദിച്ച ഹോട്ടലുടമയോട് തെല്ല് പരിഭവത്തില്‍ സംസാരിച്ചാണ് ഗീതയും കൂട്ടുകാരും അന്ന് പടിയിറങ്ങിയത്. ഹോട്ടലിലെ പടിയിറങ്ങുമ്പോള്‍ മനസ്സ് വനിത ഹോട്ടലെന്ന ആശയത്തിൻ്റെ പടിക്കെട്ട് കയറുകയായിരുന്നു.
കൂട്ടുകാരികളായ ഐഷ, സുഷകുമാരി, രമാദേവി, ഷീല, ദീപ എന്നിവരോട് ആശയം പങ്കുവെച്ചു. ഇവര്‍ സമ്മതം മൂളിയതോടെ വനിത ഹോട്ടലിന് തുടക്കമായി.
ആദ്യകാലത്ത് 30 രൂപയായിരുന്നു ഊണിന് ഈടാക്കിയത്. എന്നാല്‍, കൊറോണ വന്ന് ജനകീയ ഹോട്ടല്‍ ആയതോടെ ഊണിന് 20 രൂപയായി കുറച്ചു. കൊറോണ സമയത്തെ ലോക്ഡൗണ്‍ കാലത്തും ആര്യനാട്ടുകാര്‍ക്ക് അന്നം മുടക്കിയില്ല ഈ കുടുംബശ്രീ കൂട്ടായ്മ.
ആര്യനാട് പഞ്ചായത്ത് സി ഡി എസും കുടുംബശ്രീ ജില്ല മിഷനും കൈകോര്‍ത്തതോടെയാണ് ജനകീയ ഹോട്ടലായത്. 20 രൂപ മാത്രമുള്ള ഊണിനുപോലും ഇവർ നല്‍കുന്നത് വിഭവ സമൃദ്ധമായ ഭക്ഷണമാണ്. അവിയല്‍, തോരന്‍, അച്ചാര്‍ സാമ്പാര്‍, പുളിശ്ശേരി, രസം എന്നിങ്ങനെ നിരവധി രസക്കൂട്ടുകള്‍ ചേര്‍ന്നതാണ് ഭക്ഷണപ്പൊതി. ഭക്ഷണം ജനപ്രിയമായതോടെ ദിവസേന മൂന്ന് നേരവും ന്യായവിലയില്‍ ഭക്ഷണം കൊടുക്കാനൊരുങ്ങുകയാണ് ആര്യനാട്ടെ പെണ്‍കൂട്ടായ്മ.