Wed. Jan 22nd, 2025

തൃശൂർ ∙

ഫോൺവിളി വിവാദത്തിനിടെ വിയ്യൂർ സെൻട്രൽ ജയിലിൽ കൊടി സുനിയെ പാർപ്പിച്ചിരുന്ന സെല്ലിൽ നിന്നു 3 സിം കാർഡുകൾ പിടികൂടി. ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘം സി ബ്ലോക്കിൽ നടത്തിയ മിന്നൽ റെയ്ഡിലാണു സിം കാർഡുകൾ കണ്ടെത്തിയത്. ടിപി കേസ് പ്രതി കൊടി സുനി ഏതാനും ദിവസം മുൻപു വരെ കഴിഞ്ഞത് ഈ സെല്ലിലാണ്.

ആകെ 4 സിം കാർഡുകൾ കണ്ടെടുത്തു. സുനിയുടെ സഹ തടവുകാരനടക്കം 2 പ്രതികളെ അതിസുരക്ഷാ ജയിലിലേക്കു മാറ്റി. സി ബ്ലോക്കിൽ തടവിൽ കഴിയുന്ന കോട്ടയം സ്വദേശി ജെയ്സൺ (അലോട്ടി), തൃശൂർ സ്വദേശി സാമുവൽ എന്നിവരെയാണു സിം കാർഡ് സഹിതം പിടികൂടിയത്.

3 സിം കാർഡും ജെയ്സന്റെ കൈവശമായിരുന്നു. സുനിയുടെ കൂട്ടാളിയായിരുന്നു ജെയ്സൺ. സുനിയെ ഏതാനും ദിവസം മുൻപ് അതിസുരക്ഷാ ജയിലിലേക്കു മാറ്റുന്നതു വരെ ഇരുവരും ഒന്നിച്ചായിരുന്നു.

അയ്യന്തോൾ ഫ്ലാറ്റ് കൊലപാതകക്കേസ് പ്രതി റഷീദിന്റെ കൂട്ടാളിയാണ് സാമുവൽ. റഷീദും സുനിയും തെറ്റിയതോടെ സാമ‍ുവൽ സുനിയുടെ സംഘവുമായി അകന്നിരുന്നു. ഇന്നലെ രാത്രി 7 മണിയോടെയാണു ഡിഐജി സാം തങ്കയ്യനും സംഘവും സെൻട്രൽ ജയിലിൽ പരിശോധനയ്ക്കെത്തി യത്.

തടവുകാരെ പുറത്തിറക്കി സെല്ലുകൾ അരിച്ചുപെറുക്കി. ഭിത്തിയിൽ വിടവുണ്ടാക്കി ജെയ്സൺ 3 സ‍ിം കാർഡുകൾ ഒളിപ്പിച്ചതായി കണ്ടെത്തി. സെല്ലിലുണ്ടായിരുന്ന മാഗസിന്റെ താളിൽ ഒട്ടിച്ചുചേർത്ത നിലയിലായിരുന്നു സാമുവലിന്റെ സിം കാർഡ്. ഇരുവരെയും ജയിൽ മാറ്റിയതോടെ സുനിയുടെയും റഷീദിന്റെയും സംഘങ്ങൾ വിയ്യൂരിൽ നിന്നു ചിതറിയ നിലയിലായി.