Tue. Mar 19th, 2024

കോയമ്പത്തൂർ∙

ദിവസങ്ങൾക്കു മുൻപ് 46 വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ച ശരവണംപട്ടിയിലെ സ്വകാര്യ നഴ്സിങ് കോളജിൽ 17 വിദ്യാർത്ഥികൾക്കു കൂടി  വൈറസ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് ബാധിതരായ വിദ്യാർത്ഥികൾക്ക് തുടർ പരിശോധന ആവശ്യമായതിനാൽ അവരെ ക്യാംപസിന് പുറത്തു പോകാൻ അനുവദിക്കരുതെന്ന് അധിക‍ൃതർ കോളജ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു.

740 വിദ്യാർത്ഥികൾ ഹോസ്റ്റലിൽ താമസിച്ച് വിവിധ കോഴ്സുകളിൽ പഠിക്കുന്നുണ്ട്. ഇവരിൽ മുന്നൂറോളം പേർ കേരളത്തിൽ നിന്നുള്ളവരാണ്. 72 മണിക്കൂറിനകം കൊവിഡ് പരിശോധന നടത്തിയ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് ഇവർ കോളജിലെത്തിയത്.

എന്നാൽ കഴിഞ്ഞ ഏഴു മുതൽ പലർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവർക്ക് ആർടിപിസിആർ പരിശോധനയ്ക്കു ശേഷമോ ഹോസ്റ്റലിൽ എത്തിയ ശേഷമോ രോഗം ബാധിച്ചതാകാമെന്നാണ് നിഗമനം. കഴിഞ്ഞ നാലു മുതൽ രോഗലക്ഷണം പ്രകടമായ നാല് വിദ്യാർത്ഥികൾക്ക് മൂന്നു ദിവസത്തിനകം കൊവിഡ് സ്ഥിരീകരിച്ചു.

ഹോസ്റ്റൽ മുറികളിൽ വിദ്യാർത്ഥികൾ ഒരുമിച്ചായിരുന്നു താമസം. മൂന്നു പേർക്ക് താമസിക്കാൻ സൗകര്യമുള്ള മുറികളിൽ ആറും ഏഴും പേർ താമസിച്ചിരുന്നതായാണ് ആരോപണം. കൊവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കോർപറേഷൻ കോളജിന് 10,000 രൂപ പിഴയിട്ടു.

ആദ്യം കൊവിഡ് സ്ഥിരീകരിച്ച 4 മലയാളി വിദ്യാർത്ഥികളും പിന്നീട് വൈറസ് ബാധ സ്ഥിരീകരിച്ച തമിഴ്നാട്ടിൽ നിന്നുള്ള 4 വിദ്യാർഥികളും വീടുകളിലേക്കു തിരിച്ചു പോയി.