കോഴിക്കോട്:
നഗരസഭ കഴിഞ്ഞ കൊല്ലം നടപ്പാക്കിയ ‘മട്ടുപ്പാവിൽ മുട്ടക്കോഴി വളർത്തൽ’ പദ്ധതിക്ക് കൂട് വിതരണം ചെയ്ത കമ്പനിക്ക് ലഭിക്കാനുള്ള 6.32 ലക്ഷം രൂപ ലഭിച്ചില്ലെന്നും ഉപഭോക്താക്കളിൽ നിന്ന് പണം വാങ്ങി കോർപറേഷന് തിരിച്ചടക്കാതെ ഉദ്യോഗസ്ഥർ തിരിമറി നടത്തിയതായും കമ്പനി ഉടമകൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.മാങ്കാവ്, എലത്തൂർ, ചെറുവണ്ണൂർ-നല്ലളം, ബേപ്പൂർ എന്നീ മൃഗാശുപത്രികൾ വഴി നൽകിയ 90 ഹൈടെക് കൂടുകൾക്ക് മൊത്തം 8.01 ലക്ഷം രൂപയിൽ 1.69 ലക്ഷം മാത്രമാണ് ലഭിച്ചതെന്ന് മലപ്പുറത്തെ ആഗ്രോ ആൻഡ് പൗൾട്രി ഫാമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ പി പി ബഷീർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉപഭോക്താവിന് രശീതി പോലും നൽകാതെ ഉദ്യോഗസ്ഥർ പണം വാങ്ങി കോർപറേഷന് അടക്കാതെ തിരിമറി നടത്തിയെന്നാണ് ആരോപണം.
കോർപറേഷൻ മേയർ, സെക്രട്ടറി, മൃഗ സംരക്ഷണ ഓഫിസർ, മൃഗ സംരക്ഷണ ഡയറക്ടർ തുടങ്ങിയവർക്ക് ആറു മാസമായി പരാതി നൽകിയിട്ടും പരിഹാരമായില്ല. നിയമസഭ പെറ്റീഷൻ കമ്മിറ്റി, വ്യവസായ വകുപ്പ് മന്ത്രിയുടെ മീറ്റ് ദ മിനിസ്റ്റർ പരിപാടി എന്നിവിടങ്ങളിലും പരാതി നൽകി.വെറ്ററിനറി ഉദ്യോഗസ്ഥർ തിരിമറി നടത്തിയതിനാൽ അവർക്കെതിരെ നടപടിയെടുക്കണം.
പണം ലഭിച്ചില്ലെങ്കിൽ പ്രതിഷേധപരിപാടികളും ഹൈകോടതി, വിജിലൻസ് കോടതി എന്നിവിടങ്ങളിൽ കേസും നൽകുമെന്ന് കമ്പനിയധികൃതർ പറഞ്ഞു. മാനേജിങ് ഡയറക്ടർ എൻ നിഖിൽ സേതു, എക്സിക്യൂട്ടിവ് ഡയറകട്ർ മുഹമ്മദ് അസ്ലം എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.