Mon. Dec 23rd, 2024
കട്ടപ്പന:

ഭർത്താവും വീട്ടുകാരും മാനസികമായി പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്യുന്നെന്ന പരാതിയുമായി യുവതി. വെള്ളയാംകുടി സ്വദേശി സുധീഷിൻറെ ഭാര്യ വിദ്യയാണ് പരാതിയുമായി രംഗത്തെത്തിയത്. വിദ്യയുടെ ബന്ധുക്കൾ വീട് ആക്രമിച്ചെന്ന പരാതിയിമായി ഭർത്താവ് സുധീഷും പോലീസിനെ സമീപിച്ചു.

കഴിഞ്ഞ ഓഗസ്റ്റിലാണ് സുധീഷും കാഞ്ചിയാർ സ്വദേശി വിദ്യയും തമ്മിലുള്ള വിവാഹം നടന്നത്. വിദ്യയുടെ അപസ്മാര രോഗം സംബന്ധിച്ച വിവരം മറച്ചു വച്ചു എന്നാരോപിച്ച് ഒരുമാസം കഴിഞ്ഞപ്പോൾ തന്നെ വീട്ടിൽ വഴക്കു തുടങ്ങി. എന്നാൽ രോഗവിവരം സുധീഷിൻറെ വീട്ടുകാരെ വിവാഹത്തിനു മുമ്പേ അറിയിച്ചിരുന്നെന്നാണ് വിദ്യയുടെ ബന്ധുക്കൾ പറയുന്നത്.

വിദ്യയെ വീട്ടിലേക്ക് ഫോൺ ചെയ്യാൻ സുധീഷും കുടുംബവും അനുവദിച്ചിരുന്നില്ല. മിക്ക ദിവസങ്ങളിലും മാനസികവും ശാരീരികമായുമുള്ള പീഡനം തുടർന്നതോടെ വിദ്യയുടെ വീട്ടുകാർ ആറു മാസം മുമ്പ് കാര്യം അന്വേഷിക്കാനെത്തി. അന്ന് വടിവാളുമായാണ് സുധീഷിൻറെ വീട്ടുകാർ നേരിട്ടത്. പരാതി നൽകിയതിനെ തുടർന്ന് പോലീസ് ഇരുകൂട്ടരെയും വിളിച്ച് ഒത്തു തീർപ്പാക്കി. അടുത്തയിടെ വിദ്യ ഗർഭിണിയായി. പിന്നെ ഇതേച്ചൊല്ലിയായി വഴക്ക്.

ചൊവ്വാഴ്ച ഗർഭിണികൾക്കുള്ള കുത്തിവയ്പ് എടുക്കാൻ വിദ്യയെ കൊണ്ടുവന്ന അമ്മയെയും ബന്ധുവിനെയും സുധീഷിൻറെ വീട്ടുകാർ മർദ്ദിച്ചതായും പരാതിയുണ്ട്. എന്നാൽ സഹോദരിമാർക്ക് കുട്ടികളില്ലാത്തതിനാൽ വിദ്യ തൻറെ ഗർഭം അലസിപ്പിക്കണം എന്ന് നിലപാടെടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സുധീഷും മാതാപിതാക്കളും പറയുന്നത്.

ബുധനാഴ്ച രാത്രിയിൽ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് വിദ്യയുടെ ബന്ധുക്കൾ എത്തി തങ്ങളുടെ വീടിൻറെ ജനൽ ഗ്ലാസ് തകർത്തെന്നും സ്ഫോടക വസ്തു തിണ്ണയിൽ വച്ച് കത്തിച്ചെന്നും കാണിച്ച് സുധീഷും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.