Wed. Nov 6th, 2024
ആര്യനാട്:

അന്താരാഷ്ട്ര ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നുറുദിന കർമ പരിപാടിയുടെ ഭാഗമായി ജി വി രാജ സ്പോർട്സ് സ്കൂളിൽ ആരംഭിക്കുന്ന ഫുട്ബോൾ അക്കാദമി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ‘കേരള ബ്ലാസ്റ്റേഴ്സ്‌ ഫുട്ബോൾ ക്ലബ്ബുമായി’ സഹകരിച്ചാണ് പദ്ധതി.

അനുബന്ധ പരിപാടികളും കായിക ഉപകരണങ്ങളുടെ വിതരണവും ജി സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജൂനിയർ, സീനിയർ കാറ്റഗറിയിലായി മൂന്ന് ടീമുൾപ്പെടുന്ന അക്കാദമിക്കാണ്‌ രൂപം നൽകിയിരിക്കുന്നത്‌.

താമസവും ഭക്ഷണവും, സ്വിമ്മിങ്‌ പൂൾ, മൾട്ടി ഫിറ്റ്നെസ്‌ സെന്റർ, ഹൈ ആൾട്ടിറ്റിയൂഡ്‌ ട്രെയിനിങ് സിസ്റ്റം അടക്കമുള്ള എല്ലാ സൗകര്യവും ഉന്നത നിലവാരമുള്ള പരിശീലകരും അക്കാദമിക്ക്‌ കീഴിൽ ഉണ്ടാകും. അരുവിക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ കളത്തറ മധു അധ്യക്ഷനായി.

കേരള ബ്ലാസ്റ്റേഴ്സ്‌ ഡയറക്ടർ മുഹമ്മദ്‌ റഫീഖ്‌ ജഴ്സി പ്രകാശനം ചെയ്തു. ജനപ്രതിനിധികൾ, സ്പോർട്സ്‌ വകുപ്പ്‌ ഉദ്യോഗസ്ഥർ, സാമൂഹ്യ പ്രവർത്തകർ, കായിക താരങ്ങൾ, അധ്യാപകർ, പരിശീലകർ, എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ. സി എസ് പ്രദീപ്‌ സ്വാഗതം പറഞ്ഞു.