Wed. Jan 22nd, 2025

പത്തിരിപ്പാല ∙

കണ്ണുള്ളവർക്കാർക്കും കണ്ടുനിൽക്കാനാവില്ല അനിൽകുമാറിന്റെ ദുഃഖം. നഷ്ടപ്പെട്ടതു 11 ലോട്ടറി ടിക്കറ്റുകൾ മാത്രമാണെങ്കിലും താൻ പറ്റിക്കപ്പെട്ടതിന്റെ ഞെട്ടലിൽനിന്ന് ഇതുവരെ മുക്തനായിട്ടില്ല കാഴ്ചയില്ലാത്ത ഈ യുവാവ്. മണ്ണൂർ നഗരിപ്പുറം വലിയ വീട്ടിൽ അനിൽകുമാറാണ് (44) കഴിഞ്ഞ ദിവസം തട്ടിപ്പിനിരയായത്.

കാഴ്ചയില്ലെങ്കിലും കാൽന‌ടയായി കിലോമീറ്ററുകൾ സഞ്ചരിച്ച് ലോട്ടറി ടിക്കറ്റ് വിറ്റാണ് ഉപജീവനം. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു 2.30ന് ലോട്ടറി ടിക്കറ്റുമായി പത്തിരിപ്പാലയിൽനിന്നു നഗരിപ്പുറത്തേക്കു വരുമ്പോഴാണു പേട്ടയ്ക്കു സമീപത്തുവച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് കബളിപ്പിച്ചത്.

അനിൽകുമാർ റോഡിലൂടെ വരുമ്പോൾ ടിക്കറ്റ് ചോദിച്ചു ബൈക്ക് നിർത്തിയ യുവാവ് ടിക്കറ്റുകൾ വാങ്ങി നോക്കുകയും 1000 രൂപ സമ്മാനം ലഭിച്ച ‌ടിക്കറ്റ് മാറ്റി നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. കാഴ്ച ഇല്ലാത്തതിനാൽ ടിക്കറ്റ് മാറ്റി നൽകാൻ കഴിയില്ലെന്ന് അനിൽകുമാർ അറിയിച്ചതോടെ ടിക്കറ്റ് മടക്കി നൽകി പത്തിരിപ്പാല ഭാഗത്തേക്ക് അതിവേഗത്തിൽ ബൈക്ക് ഓടിച്ചു പോയി.

അനിൽകുമാർ ടിക്കറ്റ് വിൽപനയ്ക്കായി നീങ്ങുമ്പോൾ പതിവായി ടിക്കറ്റെടുക്കുന്ന സുഹൃത്ത് സമീപത്തെത്തി 2 ടിക്കറ്റ് വാങ്ങി 80 രൂപയും നൽകി. അൽപസമയത്തിനകം തിരിച്ചെത്തിയ ഈ സുഹൃത്താണ് ടിക്കറ്റ് പഴയതാണെന്ന് അറിയിച്ചത്.

തുടർന്ന് അനിൽകുമാറിന്റെ കൈവശമുള്ള ടിക്കറ്റ് പരിശോധിച്ചപ്പോഴാണു ബൈക്കിലെത്തിയ യുവാവ് 11 ടിക്കറ്റ് തട്ടിയെടുത്ത വിവരം മനസ്സിലായത്. പുതിയ ടിക്കറ്റുകൾ കൈക്കലാക്കി പകരം പഴയ ടിക്കറ്റ് നൽകുകയായിരുന്നു. പാലക്കാട്ടെ സ്വകാര്യ ഏജൻസിയിൽ നിന്നെടുത്ത അക്ഷയ ലോട്ടറിയുടെ പഴയ ടിക്കറ്റുകളാണു നൽകിയത്.

ടിക്കറ്റ് നഷ്ടപ്പെട്ടതോടെ നിരാശനായ അനിൽകുമാർ ബാക്കി കൈവശമുണ്ടായിരുന്ന ടിക്കറ്റുകളും വിൽക്കാൻ കഴിയാതെ വീട്ടിലേക്കു മടങ്ങി. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം കഴിയുന്നത് അനിൽകുമാറിന്റെ ഏക വരുമാനത്തിലാണ്.

ടിക്കറ്റ് തട്ടിയെടുത്ത യുവാവിനെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അനിൽകുമാർ മങ്കര പൊലീസിൽ പരാതി നൽകി. സിസിടിവി ക്യാമറ പരിശോധിച്ചു മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഉൗർജിതമാക്കി.