Mon. Dec 23rd, 2024

ആലപ്പുഴ:

തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിനെതിരെ പ്രക്ഷോഭം തുടങ്ങി 100 ദിവസമായിട്ടും സമരത്തെ അവഗണിച്ച് സർക്കാർ. തോട്ടപ്പള്ളി പൊഴി മുറിക്കുന്നതിന്‍റെ മറവിൽ അശാസ്ത്രീയമായി കരിമണൽ ഖനനം ചെയ്ത് കടത്തുന്നു എന്നാരോപിച്ചാണ് തീരദേശ വാസികളുടെ സമരം. സർക്കാർ ഇടപെടൽ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കുകയാണ് കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി.

തോട്ടപ്പള്ളി സ്പിൽവേ വഴി കുട്ടനാട്ടിലെ ജലം പുറന്തള്ളുന്നതിനായാണ് പൊഴിയിലെ മണൽ നീക്കവും, ലീഡിംഗ് ചാനലിന്‍റെ ആഴം കൂട്ടലും സർക്കാർ ആരംഭിച്ചത്. എന്നാൽ പൊഴി മുറിക്കുന്നതിന്‍റെ മറവിൽ വ്യാപകമായി കരിമണൽ നീക്കം നടക്കുന്നു എന്നാണ് തീരദേശ വാസികളുടെ ആക്ഷേപം.

പാരിസ്ഥിതിക ആഘാത പഠനം പോലും നടത്താതെയുള്ളയുള്ള കരിമണൽ നീക്കത്തിനെതിരെ പ്രദേശവാസികൾ സമരം തുടങ്ങി. എന്നാൽ സമരം 100 ദിവസമായിട്ടും സർക്കാർ വിഷയത്തിൽ ഇടപെട്ടിട്ടില്ല. കരിമണൽ ഖനനത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം.

അടുത്തിടെ സമരത്തിന് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തിയത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. സർക്കാർ ഇടപെടൽ ഉണ്ടാകാത്ത പശ്ചാത്തലത്തിൽ സമരം കൂടുതൽ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.