ചാവക്കാട് ∙
കടപ്പുറം മുനക്കക്കടവ് ഫിഷ് ലാൻഡിങ് സെന്റർ ഹാർബറാക്കി ഉയർത്തുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചു. എൻകെ അക്ബർ എംഎൽഎ വിളിച്ചു ചേർത്ത ഫിഷറീസ്, ഹാർബർ, റവന്യു ട്രേഡ് യൂണിയൻ ഭാരവാഹികൾ എന്നിവരുടെ യോഗത്തിലാണു തീരുമാനം. 88 സെന്റ് സ്ഥലത്താണ് ഇപ്പോൾ ഫിഷ് ലാൻഡിങ് സെന്റർ പ്രവർത്തിക്കുന്നത്.
ഹാർബറാക്കി ഉയർത്തണമെങ്കിൽ രണ്ടര ഏക്കർ സ്ഥലമെങ്കിലും ആവശ്യമാണ്. ഹാർബർ നിർമാണവുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാനു നിവേദനം നൽകിയിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായി പുറമ്പോക്ക് സ്ഥലം കണ്ടെത്തുന്നതിനു സർവേ നടത്താൻ ഫിഷറീസ് ഡിഡിയെ ചുമതലപ്പെടുത്തി.
ഫിഷ് ലാൻഡിങിനോടു ചേർന്നുള്ള പ്രദേശങ്ങളിലെ കടൽഭിത്തികളുടെയും പുലിമുട്ടുകളുടെയും നിർമാണം ഉടൻ പൂർത്തിയാക്കും. രാത്രിയിൽ ഇവിടെയുള്ള അനധികൃത മീൻപിടിത്തത്തിനും നിയമവിരുദ്ധമായി ബോട്ടുകൾ കെട്ടിയിടുന്നതിനുമെതിരെ ഫിഷറീസിനും കോസ്റ്റൽ പൊലീസിനും നിർദേശം നൽകി. എൻകെ അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു.
കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീൻ, ഫിഷറീസ് ഡിഡി പി മജു റോസ്, പിവി പാവന തുടങ്ങിയവർ പ്രസംഗിച്ചു. മന്ത്രി സജി ചെറിയാൻ ഇന്നു 12.30നു കടപ്പുറം മുനക്കക്കടവ് ഫിഷ് ലാൻഡിങ് സെന്ററിലും എത്തുമെന്ന് എൻകെ അക്ബർ എംഎൽഎ അറിയിച്ചു.