തൊടുപുഴ:
കുരുന്നുകളുടെ പാഠശാലയായ അങ്കണവാടികൾ അടിസ്ഥാനസൗകര്യങ്ങൾക്കായി കാത്തിരിപ്പ് തുടരുന്നു.
വൈദ്യുതിയും കുടിവെള്ളവും സ്വന്തം കെട്ടിടവുമില്ലാതെ ജില്ലയിലെ ഒട്ടേറെ അങ്കണവാടികൾ ഇപ്പോഴും പ്രതിസന്ധികളിലൂടെയാണ് മുന്നോട്ട് പോകുന്നത്.
കോവിഡ് വ്യാപനത്തോടെ അടച്ചിട്ടിരുന്നവ ദിവസവും തുറക്കാനുള്ള തീരുമാനം വന്നതിനു പിന്നാലെ മലയോര ജില്ലയിലെ അങ്കണവാടികൾക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമായി. ജില്ലയിൽ ആകെ 1561 അങ്കണവാടികളാണുള്ളത്.
ഇവയിൽ 1264 എണ്ണത്തിനാണ് സ്വന്തം കെട്ടിടമുള്ളത്. 115 എണ്ണം വർഷങ്ങളായി വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. 182 എണ്ണം വാടകരഹിത കെട്ടിടങ്ങളിൽ. വ്യക്തികളും കൂട്ടായ്മകളും തൽക്കാലത്തേക്ക് വാടക ഒഴിവാക്കി നൽകിയ കെട്ടിടങ്ങളാണ് ഈ 182 എണ്ണം.
സ്വന്തമല്ലാത്ത കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നതുകൊണ്ടുതന്നെ ഇവിടങ്ങളിൽ അസൗകര്യവും പരിമിതികളും ഏറെയാണ്. ഭൂമി ലഭ്യമായ സ്ഥലങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെയും സാമൂഹികനീതി വകുപ്പിൻ്റെയും ഫണ്ട് ഉപയോഗിച്ച് കെട്ടിടം പണി നടക്കുന്നുണ്ട്.
എന്നാൽ, സ്ഥലം കിട്ടാനില്ല എന്നതാണ് ഭൂരിഭാഗത്തിനും സ്വന്തം കെട്ടിടമെന്ന ലക്ഷ്യത്തിന് മുന്നിലെ പ്രധാന വെല്ലുവിളിയെന്ന് ബന്ധപ്പെട്ടവർ പറയുന്നു. മറ്റ് വകുപ്പുകളുടെ അധീനതയിലുള്ളതും പുറമ്പോക്ക് ഭൂമിയും വിട്ടുകിട്ടാൻ ശ്രമം തുടരുന്നു എന്നാണ് അധികൃതരുടെ വിശദീകരണം.