Mon. Dec 23rd, 2024
മറയൂർ

മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും കിഴക്കോട്ട് ഒഴുകുന്നതുമായ പാമ്പാർ നദിയുടെ കുറുകെയുള്ള പാമ്പാർ പാലത്തിന്റെ നിർമാണത്തിന്‌ ഭരണാനുമതിയായി. നിലവിലുള്ള പാലത്തിന് സമാന്തരമായാണ്‌ നിർമിക്കുന്നത്‌. 2.13 കോടി രൂപയാണ്‌ വകയിരുത്തിയിരിക്കുന്നത്.

കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ അവസാന ബജറ്റിൽ പുതിയ പാമ്പാർ പാലം ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് പ്രഖ്യാപിച്ചിരുന്നു. കാന്തല്ലൂരിനെ മറ്റ് മേഖലകളിൽനിന്ന്‌ കൃത്യമായി വേർതിരിച്ചാണ് പാമ്പാർ ഒഴുകുന്നത്. രണ്ട് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത് മറയൂർ ചന്ദനറിസർവിലൂടെ കടന്നെത്തുന്ന ആനക്കൽപ്പെട്ടി പാലവും 1969 കാലത്ത് നിർമിച്ച പാമ്പാർ പാലവുമാണ്.

തൂക്കുപാലമായിരുന്ന ആനക്കാൽപ്പെട്ടി പാലം പുനർനിർമിച്ചെങ്കിലും കോവിൽക്കടവ് തെങ്കാശിനാഥൻ ക്ഷേത്രത്തിന് സമീപത്തുള്ള പാലം വീതികൂട്ടി നിർമിക്കണമെന്ന നാട്ടുകാരആവശ്യം ഇപ്പോഴാണ് പരിഗണിക്കപ്പെട്ടത്. ഒരു വാഹനം മാത്രം പോകുന്ന വീതിയിലാണ്‌ പഴയ പാലത്തിന്റെ നിർമാണം. വീതി കുറവും പഴക്കവുമാണ് പ്രധാന പ്രശ്നം.

മറയൂർ, കാന്തല്ലൂർ മേഖലയിലെ ടൂറിസം വികസനത്തിനും കാർഷിക മേഖലയിലെ പുരോഗതിക്കും ഗതാഗതക്കുരുക്കിനും പാലം നിർമാണം വേഗമേകും. ഒരു വശത്തുനിന്ന്‌ വരുന്ന വാഹനം പോയ ശേഷമാണ് മറുഭാഗത്തെ വാഹനങ്ങൾക്ക്‌ പോകാൻ കഴിയുക. ഇതിനും പരിഹാരമാകും.

വിനോദസഞ്ചാര വികസനംകൂടി കണക്കിലെടുത്ത് ഭംഗിയോടെയാണ് പാലം രൂപ കൽപ്പന ചെയ്തിരിക്കുന്നത്. പാമ്പാറിന്റെയും പുരാതന ഗുഹാക്ഷേത്രമായ തെങ്കാശിനാഥൻ ക്ഷേത്രത്തിന്റെയു ഭംഗി ആസ്വാദിക്കാനുള്ള സൗകര്യവും ഉണ്ടാവും.

മറയൂർ മുതൽ കാന്തല്ലൂർ വരെയുള്ള റോഡ് ബിഎംബിസി നിലവാരത്തിൽ നിർമിക്കുന്നതിനുള്ള പ്രാരംഭനടപടികൾ പുരോഗമിച്ചുവരുന്നു. അഡ്വ എ രാജ എംഎൽഎയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികളുമായി കൂടിയാലോചനകൾ നടത്തിയാണ്‌ തുടർപ്രവർത്തനങ്ങൾ.