Mon. Dec 23rd, 2024

പാലക്കാട്:

കൊയ്ത്തിന് പാകമായ നെൽപ്പാടങ്ങളിൽ മൂടിക്കെട്ടിയ കാലാവസ്ഥയും മഴയും മുഞ്ഞശല്യവും വാരിപ്പൂവും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇടയ്ക്കിടെയുള്ള മഴയാണ് രോ​ഗ വ്യാപനത്തിന് കാരണമെന്ന് ജില്ലാ ക-ൃഷി ഓഫീസർ അറിയിച്ചു. ഒരാഴ്ചയായി ജില്ലയിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്.

പലയിടത്തും കൊയ്ത്ത് നടക്കുകയാണ്. വടക്കഞ്ചേരിയിലാണ് കന്നിക്കൊയ്‌ത്തിന്‌   തുടക്കമായത്. ഇതിനിടെ രോ​ഗം വ്യാപിക്കുന്നത് കർഷകർക്ക് തലവേദനയാണ്.

കതിര് പുറത്തേക്കു വന്ന  സമയത്ത് കൂടുതൽ മഴ പെയ്യുന്നതിനാൽ വാരിപ്പു എന്ന കുമിൾരോ​ഗം ബാധിക്കുന്നത്. മുഞ്ഞ സാ‍ധാരണയായി നെൽച്ചെടിയെ ആക്രമിക്കുന്ന  ഷഡ്പദമാണ്. ഇവയുടെ ആക്രമണത്തിനിരയായ നെൽപ്പാടങ്ങളിൽ അങ്ങിങ്ങായി മഞ്ഞനിറത്തിൽ വൃത്താകൃതിയിലുള്ള പാടുകൾ കാണാം.

മുണ്ടകൻ വിളയെയാണു ഈ കീടം കൂടുതൽ ആക്രമിക്കുന്നത്. രോ​ഗ വ്യാപനം തടയാന്‍ വിള ആരോ​ഗ്യ കേന്ദ്രത്തിലെ ഉദ്യോ​ഗസ്ഥര്‍ പാടശേഖരം സന്ദര്‍ശിക്കും. രോ​ഗ നിയന്ത്രണ മാർഗങ്ങൾ  കര്‍ഷകരെ അറിയിക്കുകയും പ്രയോ​ഗിക്കുന്നുവെന്ന് ഉറപ്പു വരുത്തുകയും ചെയ്യും.

വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ബ്ലീച്ചിങ് പൗഡര്‍ കിഴികെട്ടി വയ്ക്കുന്നത് രോ​ഗവ്യാപനം നിയന്ത്രിക്കാന്‍ സഹായിക്കും. ശക്തമായ മഴയില്‍ ജില്ലയിൽ പലയിടത്തും കതിരുകൾ വീണിട്ടുണ്ട്. കൊയ്യാൻ കഴിയാത്ത അവസ്ഥയിലാണ് പാടങ്ങൾ. പാടത്ത് ചെളിയും വെള്ളക്കെട്ടുമുണ്ട്.

കൂടുതൽ ദിവസം കതിര് വെള്ളത്തിൽ കിടന്നാൽ കതിര് മുളച്ച് നശിക്കുകയോ അഴുകിപ്പോവുകയോ ചെയ്യും. ഓരോ പാടശേഖരത്തിലുമുണ്ടായ കതിർവീഴ്ച എത്ര ഏക്കർ സ്ഥലത്തുണ്ടെന്ന കണക്കെടുപ്പ് കൃഷിഭവൻ അധികൃതർ ശേഖരിച്ചുവരികയാണ്.