Wed. Apr 24th, 2024

എറണാകുളം:

നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ എണറാകുളം സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി. വിവിധ മണ്ഡലങ്ങളിലെ പ്രവര്‍ത്തന വീഴ്ച ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഉള്‍പ്പെടെയുളളവര്‍ക്കെതിരെയാണ് നടപടി.

സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പങ്കെടുത്ത പാര്‍ട്ടി എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലാണ് നടപടി പ്രഖ്യാപിച്ചത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സികെ മണിശങ്കര്‍ ഉള്‍പ്പെടെ എഴ് പേര്‍ക്കെതിരെയാണ് നടപടി. സികെ മണിശങ്കറെ സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവാക്കി.

വൈറ്റില ഏരിയ സെക്രട്ടറി കെഡി വിന‍സെന്റിനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനത്ത് നിന്നും നീക്കി. തൃക്കാക്കരയിലെ പരാജയത്തിലാണ് ഇരുവര്‍ക്കുമെതിരെ നടപടി. തൃപ്പൂണിത്തുറയിലെ എം സ്വരാജിന്റെ തോല്‍വിയിലും പാര്‍ട്ടി നടപടിയെടുത്തു.

ജില്ലാ കമ്മറ്റി അംഗമായിരുന്ന സി.എന്‍ സുന്ദരനെ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. കൂത്താട്ടുകുളം ഏരിയ സെക്രട്ടറിയായിരുന്ന ഷാജു ജേക്കബിനെ എറണാകുളം ജില്ലാ കമ്മിറ്റിയില്‍ നിന്നും ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയിട്ടുണ്ട്.

കൂത്താട്ടുകുളം പാർട്ടി ഓഫീസ് സെക്രട്ടറി അരുണിനെയും തല്‍സ്ഥാനത്ത് നിന്ന് മാറ്റി. പിറവം മണ്ഡലത്തിലെ പരാജയത്തിലാണ് ഇരുവര്‍ക്കുമെതിരെ നടപടി. പെരുമ്പാവൂരിലെ പരാജയത്തിൽ ജില്ല സെക്രട്ടറിയേറ്റ് അംഗം എൻസി മോഹനന് പരസ്യ ശാസനയും ഉണ്ടായി.

ആലങ്ങാട് ഏരിയ സെക്രട്ടറി എം കെ ബാബുവിനെ താക്കീത് ചെയ്യാനും തീരുമാനിച്ചു. തിരഞ്ഞടുപ്പ് തോല്‍വി പഠിക്കാന്‍ തീരുമാനിച്ച പ്രത്യേക അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തിലായിരുന്നു നടപടി.