പാലക്കാട്:
ബിജെപി ഭരിക്കുന്ന ഒരേയൊരു നഗരസഭയായ പാലക്കാട്ട് ശക്തമായ ചേരിപ്പോര്. ബിജെപി നേതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ ചേരിതിരിഞ്ഞ് കലഹിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരിട്ടെത്തിയെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല.
നഗരത്തിലെ മാലിന്യനീക്കം സംബന്ധിച്ചാണ് ബിജെപി കൗണ്‍സിലര്‍മാരുടെ വാട്സാപ്പ് കലഹം. മുന്‍ നഗരസഭാധ്യക്ഷ പ്രമീള ശശിധരന്‍, ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറിന്റെ ഭാര്യ കൂടിയായ മിനി കൃഷ്ണകുമാര്‍ എന്നിവരാണ് നിലവിലെ ഭരണസമിതിയെ വാട്സാപ്പ് ഗ്രൂപ്പില്‍ വിമര്‍ശിച്ചത്. ചെയര്‍പേഴ്സണ്‍ പ്രിയ അജയനെ പിന്തുണച്ച് സ്മിതേഷും രംഗത്തെത്തി.
ബിജെപി ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസാണ് ഇവിടെ വൈസ് ചെയര്‍മാന്‍. മിനി കൃഷ്ണകുമാറിനെ നഗരസഭാ അധ്യക്ഷയാക്കാനാണ് നീക്കം. എന്നാല്‍, കൃഷ്ണകുമാര്‍ വിഭാഗം നഗരസഭാ ഭരണം തടസപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ജില്ലാ പ്രസിഡന്റും വൈസ് ചെയര്‍മാനുമായ ഇ കൃഷ്ണദാസ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി.
പ്രശ്നപരിഹാരത്തിന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പാലക്കാട്ടെത്തിയെങ്കിലും ഫലമുണ്ടായില്ല. സുരേന്ദ്രന്‍ വിളിച്ച യോഗത്തില്‍ നിന്ന് ചെയര്‍പേഴ്സണ്‍ പ്രിയ വിജയന്‍ വിട്ടു നിന്നു. നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ യുഡിഎഫ് പ്രതിഷേധിച്ചു. തര്‍ക്കം പരിഹരിക്കാന്‍ ആര്‍എസ്എസും ശ്രമം തുടങ്ങിയിട്ടുണ്ട്.