Tue. Nov 5th, 2024
കോഴിക്കോട്:

ജൈവവൈവിധ്യത്തിന്റെ കലവറയായ കണ്ടൽക്കാടുകൾ ഏറ്റെടുത്ത് സംരക്ഷിത പ്രദേശമാക്കാൻ വനംവകുപ്പ് നടപടി തുടങ്ങി. ഉടമകൾക്ക് നഷ്ടപരിഹാരം നൽകിയാണ് ഏറ്റെടുക്കുക. ഏറ്റെടുക്കേണ്ട കണ്ടൽപ്രദേശങ്ങൾ തിരഞ്ഞെടുക്കാൻ പരിസ്ഥിതി ദുർബല പ്രദേശ സംരക്ഷണ (ഇഎഫ്എൽ) നിയമപ്രകാരം ഉപദേശക സമിതിയും, സർവേ നടത്താൻ ഉപസമിതിയും രൂപീകരിച്ചു.

തൃശൂർ, കൊല്ലം ജില്ലകളിൽ ഉപദേശകസമിതി ശുപാർശ ചെയ്ത കണ്ടൽ ഏറ്റെടുക്കാൻ സർക്കാർ അനുമതി നൽകി.സർവേ നടത്തി നോട്ടിസ് നൽകുന്ന ജോലികൾ അടുത്ത മാസം പൂർത്തിയാക്കും. ജനുവരിയോടെ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ അന്തിമമാക്കി വിലയും നിശ്ചയിക്കും.

സ്വയം താൽപര്യം പ്രകടിപ്പിക്കുന്ന ഉടമകളുടെ ഭൂമി മാത്രമേ ഏറ്റെടുക്കൂ എന്നു വനം അധികൃതർ വ്യക്തമാക്കി. ഒരു ഭൂമിയും പിടിച്ചെടുക്കില്ല. കണ്ടൽ സംരക്ഷണത്തിനും മറ്റുമായി റീബിൽഡ് കേരള പദ്ധതിയിൽ നിന്നു 2 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ആദ്യമായാണു നഷ്ടപരിഹാരം നൽകി കണ്ടൽവനം ഏറ്റെടുക്കുന്നത്. ഇഎഫ്എൽ നിയമം സെക്‌ഷൻ 3 പ്രകാരം കണ്ടൽ പ്രദേശം ഏറ്റെടുക്കാൻ സാധിക്കില്ല. വനത്തോടു ചേർന്നു കിടക്കുന്ന ഭൂമിയോ വനത്താൽ ചുറ്റപ്പെട്ട ഭൂമിയോ മാത്രമേ ഈ സെക്‌ഷൻ പ്രകാരം ഏറ്റെടുക്കാൻ കഴിയൂ.

ഏതു ഭൂമിയും ഇഎഫ്എൽ ആക്കി ഏറ്റെടുക്കാൻ സെക്‌ഷൻ 4 പ്രകാരം ഉപദേശക സമിതി രൂപീകരിച്ച് ശുപാർശ ചെയ്യണം.വനം മേധാവി ചെയർമാനും രണ്ട് ജനപ്രതിനിധികൾ അംഗങ്ങളുമായ 15 അംഗ സമിതി ആദ്യഘട്ടമായാണ് കൊല്ലം, തൃശൂർ ജില്ലകളിലെ കണ്ടൽ ഭൂമി ഏറ്റെടുക്കാൻ ശുപാർശ ചെയ്തത്. ഉടമകൾക്ക് 30 ദിവസത്തെ നോട്ടിസ് നൽകി, നഷ്ടപരിഹാരം നിശ്ചയിച്ച് ഭൂമി ഏറ്റെടുക്കുന്ന നടപടികളിലേക്കു കടക്കുകയാണു വനംവകുപ്പ്. അതിനു ശേഷം കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലും സർവേ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കണ്ണൂരിൽ 17 പേർ ഭൂമി വിട്ടു നൽകാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.