തൊടുപുഴ:
നിറം ചേർത്ത ഏലക്കയുടെ വിപണനം തടയാൻ ഓപറേഷൻ ഇലൈച്ചിയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. ഉണക്ക ഏലക്കയുടെ നിറം മുന്തിയ ഇനം ഏലക്കയുടേതിന് സമാനമായി പച്ചനിറത്തില്‍ കാണുമെന്നതാണ് നിറം ചേര്‍ക്കലിൻ്റെ ഗുണം.
നല്ലവണ്ണം ഉണങ്ങിയ ഏലത്തിന് നല്ല പച്ചനിറവും വലുപ്പവും ഉണ്ടെങ്കിൽ ഉയർന്ന വില ലേലത്തിൽ ലഭിക്കും. ഇതിനുവേണ്ടിയാണ് നിറം ചേർക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഏലക്ക സംസ്കരണം നടക്കുന്നത് ഇടുക്കി ജില്ലയിലാണ്. ഇവിടെനിന്നാണ് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കും വിദേശത്തേക്കും പോകുന്നത്.
നേരത്തേ നടത്തിയ പരിശോധനകളിൽ ഇത്തരത്തിൽ നിറം ചേർത്ത് നാട്ടിലെ മാർക്കറ്റുകളിൽതന്നെ ഏലക്ക വിൽപനക്കെത്തുന്നതായി ഭക്ഷ്യസുരക്ഷ വകുപ്പ് കണ്ടെത്തിയിരുന്നു. സ്പൈസസ് ബോർഡുമായി ചേർന്നാണ് പരിശോധന നടത്തുന്നത്.
കഴിഞ്ഞ വർഷം നടത്തിയ പരിശോധനയിൽ നിറം ചേർക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ വലിയ ശേഖരം ജില്ലയിൽനിന്ന് പിടികൂടിയിരുന്നു. കളറും വാഷും അനധികൃതമായി ചേർക്കുന്നതും കണ്ടെത്തി. മൂന്ന്സ്ഥാപനം പൂട്ടിക്കുകയും ഒരു സ്ഥാപനത്തിൽനിന്ന് ഒരുലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു.
നിറം ചേർക്കലിനെതിരെ കർഷകർക്ക് മുന്നറിയിപ്പും ബോധവത്കരണവും നൽകുന്നുണ്ടെങ്കിലും കൂടുതൽ വില ലഭിക്കാൻ കൃത്രിമ മാർഗം തേടുന്നവരുണ്ടെന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ പറയുന്നത്. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു.