Sun. Feb 23rd, 2025
അടിമാലി:

മരത്തിന് മുകളിൽ ടാങ്ക് സ്ഥാപിച്ച് തങ്കച്ചൻ കുടിവെള്ളം ഉപയാേഗിക്കാൻ തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ട്. ഇടുക്കി പെരിഞ്ചാംകുട്ടി മാവടിയിൽ തങ്കച്ചനാണ് മരത്തിന് മുകളിൽ ‘ജലനിധി’ സ്ഥാപിച്ച് നാട്ടുകാർക്കും മറ്റും വിസ്മയമായിരിക്കുന്നത്.

വീടിന് സമീപത്തെ മരത്തിന് മുകളിൽ 500 ലിറ്ററിന്‍റെ ടാങ്ക് സ്ഥാപിച്ചാണ് വീട്ടാവശ്യത്തിനും മറ്റും ജലം ശേഖരിച്ച് ഉപയാേഗിക്കുന്നത്. വാക മരത്തിന്‍റെ ശിഖരങ്ങൾക്കിടയിലാണ് ഈ കുടിവെള്ള ടാങ്ക് ഇരിക്കുന്നത്. പെരിഞ്ചാൻകുട്ടി മാവടി ടൗണിലെത്തുന്നവരുടെ മുഖ്യ ആകർഷണമാണ് മരത്തിനു മുകളിലെ ജലനിധി.

വഴിയോരത്ത് തണൽ വിരിക്കുവാനായാണ് തങ്കച്ചൻ വാകമരം നട്ടത്. വാകമരം ചെറുശിഖരങ്ങൾ വീശി തുടങ്ങിയ കാലത്ത് തന്നെ ജലക്ഷാമവും രൂക്ഷമായി. അപ്പോഴാണ് മരത്തിന്‍റെ ശിഖരത്തിനിടയിൽ 500 ലിറ്റർ ടാങ്ക് വെച്ചത്. ഒന്നര കിലോമീറ്റർ അകലെയുള്ള മലയടിവാരത്ത് നിന്നാണ് ഹോസിലൂടെ തങ്കച്ചൻ വെള്ളം ഈ ടാങ്കിൽ എത്തിക്കുന്നത്.

മരം വലുതായതിനു പിന്നാലെ ജാറും ഉയരങ്ങളിൽ എത്തി. മരത്തിനു മുകളിലെ ജലസേചന ടാങ്കിൽ നിന്നാണ് തങ്കച്ചൻ വെള്ളം ശേഖരിക്കുന്നത്. ഇപ്പോൾ 15 അടി ഉയരത്തിലാണ് ഈ 500 ലിറ്ററിന്‍റെ ടാങ്ക്. ജലക്ഷാമം നേരിടുന്ന സാഹചര്യങ്ങളിൽ പ്രദേശവാസികളുടെയും ആശ്രയമാണ് ഈ ‘കുടിവെള്ള പദ്ധതി’.