Thu. May 2nd, 2024
ഇടുക്കി:

ഏലത്തിൻ്റെ കനത്ത വിലയിടിവിന് പരിഹാരം കാണാൻ സ്പൈസസ് ബോർഡിന്റെ കീഴിൽ മുമ്പ് നടത്തിയിരുന്ന രീതിയിൽ ലേലം തുടരാൻ തീരുമാനം. സ്പൈസസ് ബോർഡ് അംഗീകാരമുള്ള 12 ലേല ഏജൻസികൾ ഇപ്പോൾ നടത്തുന്ന ഓൺ ലൈൻ ലേലം അവസാനിപ്പിക്കും.

സ്പൈസസ് ബോർഡിൻറെ നിയന്ത്രണത്തിൽ ഇടുക്കിയിലെ പുറ്റടി തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂർ എന്നിവിടങ്ങളിലായിരുന്നു ഏലം ലേലം നടന്നിരുന്നത്.

സ്വകാര്യ കമ്പനികൾ വ്യാപകമായി ഓൺലൈൻ ലേലം തുടങ്ങിയത് വില കുത്തനെ ഇടിയാൻ കാരണമായി. കർഷകരുടെ പരാതി വ്യാപകമായതോടെയാണ് ജനപ്രതിനിധികൾ ഇടപെട്ട് യോഗം വിളിച്ചത്. ലേല ഏജൻസികളും കർഷക സംഘടനകളും തൊഴിലാളി യൂണിയനുകളും കച്ചവടക്കാരും യോഗത്തിൽ പങ്കെടുത്തു.

ദിവസേന രണ്ട് ലേലം നടന്നിരുന്നത് മൂന്നും നാലുമെണ്ണമായതാണ് വില ഇടിയാൻ പ്രധാന കാരണം. സ്പൈസസ് ബോർഡ് നടത്തിയിരുന്ന ലേലത്തിനെത്താത്ത മൂന്ന് ഏജൻസികൾക്ക് നോട്ടീസ് അയച്ചതും ഓൺലൈൻ ലേലത്തിൽ നിന്ന് ഇവർ പിന്മാറാൻ കാരണമായിട്ടുണ്ട്. പ്രശ്നത്തിൽ കർഷകർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ചെയർമാൻ എ ജി തങ്കപ്പൻ പറഞ്ഞു.