മലപ്പുറം:
ദേശീയപാത ആറുവരിയായി വികസിപ്പിക്കാനുള്ള പ്രവർത്തനം ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. രാമനാട്ടുകര–കാപ്പിരിക്കാട് ദേശീയപാത ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള നിർമാണം ഒക്ടോബർ അവസാനത്തോടെ ആരംഭിച്ചേക്കും. ഭൂമി വിട്ടുനൽകിയ 70 ശതമാനം പേർക്കും നഷ്ടപരിഹാരം നൽകി.
ബാക്കിയുള്ളവർക്ക് ഒരുമാസത്തിനകം നൽകും. നഷ്ടപരിഹാര തുക കൈമാറിയാൽ ഉടൻ നിർമാണം ആരംഭിക്കും. 3964 കോടി രൂപയാണ് നഷ്ടപരിഹാരമായി കൈമാറുന്നത്.
ജില്ലയിൽ 76 കിലോമീറ്റർ ദൂരമാണ് ആറുവരിയാകുന്നത്. ജില്ലാ അതിർത്തിയായ ഇടിമുഴിക്കൽമുതൽ കാപ്പിരിക്കാട് വരെയുള്ള ഭാഗങ്ങളിൽ 203 ഹെക്ടർ ഭൂമിയാണ് ഇതിനായി ഏറ്റെടുത്തത്. രാമനാട്ടുകര– വളാഞ്ചേരി, വളാഞ്ചേരി–കാപ്പിരിക്കാട് റീച്ചായാണ് നിർമാണം നടക്കുക.
വളാഞ്ചേരിക്കുസമീപം കഞ്ഞിപ്പുരയിൽനിന്നും വടക്കോട്ടും തെക്കോട്ടും നിർമാണം ആരഭിക്കാനാണ് ആലോചന. രണ്ടര വർഷത്തിനകം നിർമാണം പൂർത്തിയാകും. 2011-16 കാലത്തെ യുഡിഎഫ് സർക്കാർ നടപ്പാക്കാൻ കഴിയില്ലെന്ന് വിലയിരുത്തിയ പദ്ധതിയാണ് എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിൽ യാഥാർഥ്യമാകുന്നത്.