Wed. Nov 6th, 2024

പൊന്നാനി:

പൊന്നാനി ഫിഷിങ് ഹാർബറിൽ ഒരുങ്ങിയ 128 വീടുകൾ ഉൾക്കൊള്ളുന്ന ഭവന സമുച്ചയം 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം പുനർഗേഹം പദ്ധതി പ്രകാരം സഹായ ധനം ലഭിച്ച് നിർമാണം പൂർത്തിയാക്കിയ 13 ഭവനങ്ങളുടെ താക്കോൽദാനവും നടക്കും. പുനരധിവാസ പദ്ധതിയിലൂടെ തീരത്ത് പ്രതീക്ഷയുടെ പുത്തൻ വെളിച്ചം വീശുകയാണ്.

വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മുഴുവൻ കുടുംബങ്ങളെയും മാറ്റിപ്പാർപ്പിക്കാൻ പദ്ധതി തയാറാണ്. ആദ്യം മാറുന്ന കുടുംബങ്ങൾക്ക് ഹാർബർ പ്രദേശത്ത് ഭവനസമുച്ചയം ഒരുക്കിയിരിക്കുന്നത്. ഈ ഭാഗത്തു തന്നെ 100 വീടുകൾ കൂടി നിർമിക്കുന്നതിന് പദ്ധതി തയാറായിട്ടുണ്ട്.

ഹാർബർ പ്രദേശത്ത് സ്ഥലം കണ്ടെത്തി ഉടൻ നിർമാണം തുടങ്ങും. ഇതോടെ തീരദേശത്ത് 228 കുടുംബങ്ങൾ‌ക്ക് സുരക്ഷിതമായി ജീവിക്കാം. നിലവിൽ താമസിക്കുന്ന കടലോരത്തെ വീടുകൾ പൊളിച്ചുമാറ്റണമെന്ന് സർക്കാർ വ്യവസ്ഥയുണ്ട്.

വീടു നിന്നിരുന്ന ഭൂമിയിൽ അതത് കുടുംബങ്ങൾക്ക് കൃഷി ചെയ്യാം. മറ്റ് നിർമാണങ്ങൾക്ക് അനുമതി ലഭിക്കില്ല. തീരദേശത്ത് കടലാക്രമണ ഭീഷണിയിൽ കഴിയുന്ന 225 കുടുംബങ്ങളെ കൂടി പുനരധിവസിപ്പിക്കാൻ ഉടൻ പദ്ധതി തയാറാക്കുമെന്ന് പി നന്ദകുമാർ എംഎൽഎ അറിയിച്ചു. ഉദ്ഘാടന പരിപാടിയിൽ മന്ത്രി സജി ചെറിയാൻ ആധ്യക്ഷ്യം വഹിക്കും.

ഹാർബറിലെ 2 ഏക്കർ സ്ഥലത്താണ് ഭവന സമുച്ചയം ഒരുങ്ങിയിരിക്കുന്നത്. 2 കിടപ്പുമുറികൾ, അടുക്കള, ഡൈനിങ് ഹാൾ, ശുചിമുറി എന്നിവയടങ്ങിയതാണ് ഓരോ വീടും. 530 ചതുരശ്ര അടിയിലുള്ള വീട്ടിൽ മാലിന്യ നിർമാർജനത്തിന് അടക്കം സൗകര്യമുണ്ട്.