പറവൂർ:
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങിയ സന്നദ്ധ പ്രവർത്തകരുടെ ആംബുലൻസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് രംഗത്ത് വന്നത് തിരിച്ചടിയാകുന്നു. കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് നിരവധി സന്നദ്ധ സംഘടനകൾ അവരവരുടെ ചില വാഹനങ്ങൾ സ്വന്തം ചെലവിൽ ചില്ലറ മാറ്റം വരുത്തി ഓക്സിജൻ സിലിണ്ടറുകൾവരെ സ്ഥാപിച്ച് സൗജന്യമായി രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുന്നോട്ട് വന്നത്.
എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ പറവൂരിലും പരിസരങ്ങളിലും മോട്ടോർ വാഹന വകുപ്പ് ഇത്തരം വണ്ടികൾ കണ്ടെത്തി പരിശോധന നടത്തുകയും പിഴയീടാക്കുകയും ചെയ്തു. രണ്ടു മൂന്നു മാസമായി ഇത്തരം സന്നദ്ധസംഘടനകളുടെ വാഹനങ്ങളാണ് നിർധന രോഗികൾ ആശ്രയിക്കുന്നത്. ഈ വാഹനങ്ങളോട് ആംബുലൻസ് എന്ന പേരിൽ ഇനി റോഡിൽ ഇറങ്ങരുതെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുകയും പിഴയീടാക്കുകയും ചെയ്തു.
സന്നദ്ധസംഘടനകളും നാട്ടുകാരും ചേർന്നാണ് ചെലവ് വഹിച്ചിരുന്നത്. അതേസമയം, രജിസ്ട്രേർഡ് ആംബുലൻസുകാരുടെ പരാതിയെ തുടർന്നാണ് ഈ വാഹനങ്ങൾക്കെതിരെ നടപടികൾ എടുക്കുന്നതെന്നാണ് ആർടിഒ അധികൃതർ അറിയിച്ചത്. കലക്ടർ, ഡിടിസി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കരുമാല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ് മേനാച്ചേരി ആവശ്യപ്പെട്ടു.