Mon. Dec 23rd, 2024

ആലപ്പുഴ:

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗുരുതര വീഴ്ചകൾ പരിശോധിക്കാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. മെഡിക്കൽ കോളേജ് ക്യാമ്പസിൽ നടക്കുന്ന യോഗത്തിൽ ഡോക്ടർമാരും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

മെഡിക്കൽ കോളേജിലെ വീഴ്ചകളെ പറ്റി ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് കൂടി വരാനുണ്ടെന്നും വീഴ്ചകൾ കണ്ടെത്തിയാൽ കൃത്യമായ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു. കൊവിഡ് വിഭാഗത്തിലെ ചികിത്സ വിവരങ്ങൾ കൃത്യമായ സൂക്ഷിക്കാനുള്ള നടപടി ഉണ്ടാകും.

എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്തു ആവശ്യമായ മാറ്റങ്ങൾ ആശുപത്രിയിൽ വരുത്തുമെന്നും വീണാ ജോർജ്ജ് പറഞ്ഞു. ചികിത്സയിലിരിക്കുന്ന രോഗി മരിച്ചുവെന്ന് ആശുപത്രി ബന്ധുക്കൾക്ക് അറിയിപ്പ് നൽകിയത് വിവാദമായിരുന്നു. പള്ളിക്കൽ സ്വദേശി രമണൻ മരിച്ചെന്നാണ് ആശുപത്രിയിൽ നിന്ന് ബന്ധുക്കളെ അറിയിച്ചത്.

എന്നാൽ ഇയാൾ ജീവനോടെയുണ്ടായിരുന്നു. മൃതദേഹം ഏറ്റുവാങ്ങാനായി വീട്ടുകാർ എത്തിയപ്പോഴാണ് സത്യം തിരിച്ചറിഞ്ഞത്. മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണങ്ങൾ വേറെയുമുണ്ട്.

കൊവിഡ് രോഗികൾ മരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ബന്ധുക്കളെ കൃത്യമായി അറിയിക്കാതെ ഇരിക്കുന്നതായി പരാതി ഉയർന്നിരുന്നു. മൃതദേഹങ്ങൾ മാറി നൽകുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ.