കൊല്ലം:
അഷ്ടമുടി കായൽ മലിനീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കായലിൻെറ ദയനീയാവസ്ഥ സംബന്ധിച്ച് കൊല്ലം സ്വദേശി ഹൈക്കോടതിക്ക് കത്തയച്ചതിൻെറ അടിസ്ഥാനത്തിലാണ് നടപടി.
ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ബെഞ്ചാണ് കത്തിൻെറ അടിസ്ഥാനത്തിൽ പൊതുതാൽപര്യ ഹരജിയായി കേസ് എടുത്തത്. കായലിലേക്ക് മാലിന്യം തള്ളുന്ന ഉറവിടങ്ങൾ കത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. മലിനീകരണ പ്രദേശങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനായി കേരള സംസ്ഥാന നിയമ സേവന അതോറിറ്റി മെംബർ സെക്രട്ടറി കെ ടി നിസാർ അഹമ്മദ് തിങ്കളാഴ്ച അഷ്ടമുടി കായൽ സന്ദർശിക്കും.
ജില്ല നിയമ സേവന അതോറിറ്റി സെക്രട്ടറി സി ആർ ബിജുകുമാർ അനുഗമിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് വിശദാംശങ്ങൾ ശേഖരിക്കും.