മലപ്പുറം:
കര്‍ഷകരില്‍നിന്ന് ശേഖരിച്ച പച്ചക്കറികളും മുട്ടകളും ഓണ്‍ലൈനായി വിതരണം ചെയ്യാൻ കാട്ടുങ്ങലില്‍ ‘കനിവ് ഫ്രഷ് അങ്ങാടി’ പേരില്‍ ചന്ത ആരംഭിച്ചു. കാട്ടുങ്ങലിലെ പി എന്‍ മൂസ ഹാജി ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലാണ് പദ്ധതി ആരംഭിച്ചത്. കര്‍ഷകരുടെ വിളകള്‍ക്ക് പരമാവധി വില നല്‍കാനും ഉപഭോക്താക്കള്‍ക്ക് നാട്ടുകാരായ കര്‍ഷകര്‍ വിളയിച്ച വിഷരഹിത പച്ചക്കറി നല്‍കാനും പദ്ധതിയിലൂടെ കഴിയും.
എല്ലാ ശനിയാഴ്ചയും ഓര്‍ഡറുകള്‍ സ്വീകരിച്ച് ഞായറാഴ്ച വിഭവങ്ങള്‍ വീടുകളിലെത്തിച്ച് നല്‍കും. കൂടാതെ കാട്ടുങ്ങല്‍ അങ്ങാടിയില്‍ സജ്ജീകരിച്ച പ്രത്യേക സ്റ്റാളിലും വിൽപന നടത്തുന്നുണ്ട്.രണ്ടുമാസം മുമ്പ് ആരംഭിച്ച ചന്തയില്‍നിന്ന് 400 കിലോയിലധികം പച്ചക്കറികളാണ് ഇതുവരെ വില്പന നടത്തിയത്. സി എച്ച്ശമീം, കെ സലീം, ശക്കാഫ് ചെന്നത്ത്, തോട്ടത്തില്‍ ശംസു, സി എച്ച് നിബ്രാസ്, കെ ഷബീബ്, റംസാന്, കെ അന്‍വര്‍, പി റാഷിദ് തുടങ്ങിയവരാണ് കനിവ് ഫ്രഷ് അങ്ങാടിക്ക് നേതൃത്വം നല്‍കുന്നത്.