ഇരിട്ടി:
നാട്ടുകാരുടെ ജീവൻ രക്ഷിക്കാൻ ഉറക്കമിളയ്ക്കുന്ന അഗ്നി രക്ഷാ ഉദ്യോഗസ്ഥരുടെ ജീവൻ ആരു രക്ഷിക്കുമെന്ന ആശങ്കയിലാണ് ഇരിട്ടി അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാർ. നിലയത്തിന്റെ കെട്ടിടത്തിനു മുകളിൽ ഇടിഞ്ഞു വീഴാൻ പാകത്തിൽ നിൽക്കുന്ന അര നൂറ്റാണ്ട് പഴക്കമുള്ള കുടിവെള്ള ടാങ്കാണ് വില്ലൻ. 30 അഗ്നി രക്ഷാ ഉദ്യോഗസ്ഥർ കഴിയുന്ന കെട്ടിടത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന ടാങ്കിന്റെ കോൺക്രീറ്റ് പാളികൾ അടർന്നു വീണു കൊണ്ടിരിക്കുകയാണ്.
ആറ് പതിറ്റാണ്ടിലേറെ ഇരിട്ടി ഗവ ആശുപത്രിയായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഇത്. കെട്ടിടം കാല പഴക്കം മൂലം പൊളിഞ്ഞു വീഴാറായതും ചോർന്നൊലിക്കുകയും ചെയ്യുന്നു. മഴ പെയ്താൽ കെട്ടിടത്തിന്റെ ചോർച്ചയും മുറ്റത്ത് ഒഴുകി പോകാതെ തളം കെട്ടി നിൽക്കുന്ന മഴ വെള്ളവുമാണ്.
ഇതിന് മുകളിലാണ് ഇന്ന് വീഴണോ നാളെ വീഴണോ എന്ന കണക്കിൽ വാട്ടർ ടാങ്ക് സ്ഥിതി ചെയ്യുന്നത്. ടാങ്കിനെ താങ്ങി നിർത്തുന്ന നാല് തൂണുകളിലും വിള്ളൽ വീണിട്ടുണ്ട്.രണ്ടു നില കെട്ടിടത്തിന്റെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ടാങ്ക് എപ്പോൾ വേണമെങ്കിലും തകർന്നു വീഴാം.
താഴെയുള്ള അഗ്നിരക്ഷാ സേനാംഗങ്ങളുടെ വിശ്രമകേന്ദ്രം ആസ്ബസ്റ്റോസ് പാകിയതാണു. ഇതിലേക്കാണ് ഈ ടാങ്ക് പതിക്കുക. പ്രശ്നം ആരും അറിയാത്തതല്ല.
എല്ലാ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലും അഗ്നി രക്ഷാ നിലയത്തിന്റെ സ്ഥിതി നിവേദനങ്ങളായ് നൽകിയിട്ടുണ്ട്. പയഞ്ചേരി മുക്കിൽ പുതിയ കെട്ടിടം നിർമിക്കുന്നതിന് ഭൂമി അനുവദിച്ചെങ്കിലും സ്ഥലം അളന്നു തിട്ടപ്പെടുത്താൻ പോലും കഴിഞ്ഞിട്ടില്ല.