Fri. Apr 26th, 2024

കോലഞ്ചേരി ∙

കക്കാട്ടു‍പാറ ഇലവു‍ംതടത്തിൽ കെ.എം. വർഗീസിന്റെ കൃഷിയിടത്തിൽ നിന്ന‍‍ു കാർഷികോൽപ്പന്നങ്ങൾ കൊള്ളയടിച്ച‍‍ു. 200ൽപരം കവുങ്ങിലെ അടയ്ക്ക തെങ്ങിൽ നിന്ന‍‍ു തേങ്ങ, കൊക്കോ ചെടിയിൽ നിന്ന‍‍ു കായ എന്നിവയാണ‍ു കടത്തിയത്. വെള്ളി രാത്രിയാണ‍ു മോഷണം നടന്നതെന്ന‍ു‍ വർഗീസ് പറഞ്ഞ‍‍ു.

ശനിയാഴ്ച ഉച്ചയോടെ കൃഷിയിടത്തിലെത്തിയപ്പോഴാണ‍ു മോഷണം ശ്രദ്ധയിൽപെട്ടത്. ചെത്തിയിട്ട കു‍ലകൾ വ്യാപകമായി കൃഷിയിടത്തിൽ കണ്ട അദ്ദേഹം കവുങ്ങിലേക്കു‍ നോക്കിയപ്പോൾ ഞെട്ടി. എല്ലാ കവുങ്ങിലെയു‍ം ഫലമെട‍ുപ്പിന‍ു‍ പാകമായവ അപഹരിക്കപ്പെട്ടതായി വ്യക്തമായി.

മത്സ്യക്ക‍ുളത്തിൽ നിന്ന‍‍ു മീൻ പിടിക്കാന‍‍ും ശ്രമം നടന്ന‍‍ു. സമീപ കാലത്ത് വില ക‍ൂടി വരു‍ന്ന ഉൽപ്പന്നങ്ങളാണ‍ു മോഷണം പോയത്. കിലോഗ്രാമിന‍‍ു 250 ര‍ൂപയ‍ുണ്ടായിരു‍ന്ന അടയ്ക്കാ വില ഇൗ സീസണിൽ 380 കടന്നിര‍ുന്ന‍‍ു.

കൊക്കോക്കായ‍ുടെ വില 125ൽ നിന്ന‍‍ു 150 ആയ‍ി ഉയർന്നിട്ട‍ുണ്ട്. തേങ്ങയ്ക്കു‍ം ഭേദപ്പെട്ട വിലയാണ‍ു ലഭിക്ക‍ുന്നത്. അട‍ുത്ത കാലം വരെ വില ഇടിവു‍ നേരിട്ട കാർഷികോൽപ്പന്നങ്ങൾ മികച്ച വിലയിലേക്ക‍് ഉയർന്നപ്പോൾ നടന്ന മോഷണം കർഷകനായ ഇദ്ദേഹത്തിന്റെ ഉപജീവനം പ്രതിസന്ധിയിലാക്കി.

68 വയസ്സായ ഇദ്ദേഹവ‍ും ഭാര്യയ‍ും കൃഷിയെ ആശ്രയിച്ച‍ു ജീവിക്ക‍ുന്നവരാണ്. കക്കാട്ടു‍പാറ പാടശേഖര സമിതി പ്രസി‍ഡന്റ‍ുക‍ൂടിയാണ‍് ഇദ്ദേഹം. 50,000ൽ പരം ര‍ൂപയ‍ുടെ നഷ്‍ടമ‍‍ുണ്ടായെന്ന‍‍ു വർഗീസ് പറഞ്ഞ‍‍ു. പ‍ുത്തൻകു‍രിശ് പൊലീസിൽ പരാതി നൽകിയിട്ട‍ുണ്ട്.