Wed. Jan 22nd, 2025
ചിറ്റാർ:

കോവിഡിന്റെ വെല്ലുവിളികളെ അതിജീവിച്ച് ഓൺലൈൻ പഠനത്തിലൂടെ ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടംപിടിച്ച് പ്രവാസി മലയാളി. ചിറ്റാർ സ്വദേശി മനു വർഗീസ് കുളത്തുങ്കലാണ് ലോക റെക്കോർഡിന് അർഹനായത്.

കോവിഡ് കാലത്ത്‌ 28 അന്താരാഷ്ട്ര സർവകലാശാലകളിൽ നിന്നും ഐക്യരാഷ്ട്രസഭയ്‌ക്ക്‌ കീഴിലുള്ള വിവിധ സംഘടനകളിൽ നിന്നും 53 ഓൺലൈൻ കോഴ്സുകൾ ചെയ്ത്‌ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയതിനാണ് അംഗീകാരം ലഭിച്ചത്. വ്യാഴാഴ്ച ഷാർജയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ ഡോ ഇ പി ജോൺസനിൽ നിന്നും സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങി. 2020 ഏപ്രിൽ നാല് മുതൽ മുതൽ 2021 ആഗസ്റ്റ് 25 വരെയുള്ള കാലത്താണ് കോഴ്സുകൾ ചെയ്തത്.

ജോലിക്ക് ശേഷമുള്ള ഒഴിവുസമയമാണ് വായനയ്ക്കും പഠനത്തിനുമായി നീക്കിവയ്‌ക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പഠനത്തിന് മുഖ്യമായും ആധാരമാക്കിയത്.

അമേരിക്കൻ ഫെഡറൽ എമർജൻസി മാനേജ്മെന്റ്‌ ഏജൻസിയിൽ നിന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, അന്താരാഷ്ട്ര കുടിയേറ്റ സംഘടനയിൽ നിന്നും കുടിയേറ്റക്കാരുടെ മാനസിക പ്രശ്നങ്ങൾ, ഐക്യരാഷ്ട്ര സംഘടനയിൽ നിന്നും സാമ്പത്തിക സന്തുലിതാവസ്ഥ, ലോകാരോഗ്യ സംഘടനയിൽ നിന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, വാക്സിനുകളുടെ ഉപയോഗം തുടങ്ങിയവ ഇതിലുൾപ്പെടും.

അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെന്റിൽ നിന്നും ലോജിസ്റ്റിക്സ് ആൻഡ്‌ സപ്ലൈ ചെയിനിൽ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട്. ഇതേ വിഷയത്തിൽ യുഎഇയിൽ നിന്നും പ്രൊഫഷണൽ സർട്ടിഫിക്കറ്റും കരസ്ഥമാക്കി.

എഡ്യൂക്കേഷണൽ സൈക്കോളജിയിൽ ഡിപ്ലോമയും ഓൺലൈനായി നേടി. ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര വളണ്ടിയറായും പ്രവർത്തിക്കുന്നു. ഭൗതികശാസ്ത്രത്തിൽ ബിരുദവും സോഷ്യോളജിയിൽ ബിരുദാനന്തരബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പിജി ഡിപ്ലോമയും നേടിയശേഷമാണ് പ്രവാസ ലോകത്തേക്ക് ചേക്കേറിയത്.

ഒരു ദശാബ്ദത്തിലേറെയായി യുഎഇയിലെ സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്നു. യുഎഇയിലെ സ്വകാര്യ കമ്പനിയിൽ ലോജിസ്റ്റിക്സ് വിഭാഗത്തിലാണ് ജോലി. ഭാര്യ ജിഷ മനു മെഡിക്കൽ ഇൻഷുറൻസ് സൂപ്പർവൈസറാണ്. മക്കൾ:ഡാരൻ,ഡാൻ.