Mon. Dec 23rd, 2024
രാജാക്കാട്:

ജില്ലയിൽ കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള പദ്ധതി പ്രദേശങ്ങളിലെ പഴയ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ സംരക്ഷിക്കാൻ നടപടിയില്ല. പൈനാവ്, കല്ലാർകുട്ടി, പള്ളിവാസൽ, വെള്ളത്തൂവൽ, പൊന്മുടി എന്നിവിടങ്ങളിലാണ് കൂടുതൽ ക്വാർട്ടേഴ്സുകൾ ഉണ്ടായിരുന്നത്.

വെള്ളത്തൂവലിൽ 300 ഏക്കറോളം സ്ഥലത്തായി അഞ്ഞൂറിലധികം കെട്ടിടങ്ങളാണ് ഉള്ളത്. ഇതിൽ ഭൂരിഭാഗവും നിലംപൊത്തിയ അവസ്ഥയിലാണ്.

വൈദ്യുത പദ്ധതികളുടെ നിർമാണ കാലയളവിൽ ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കും വേണ്ടിയാണ് ക്വാർട്ടേഴ്സുകൾ നിർമിച്ചത്. അന്ന് ജില്ലയിൽ പദ്ധതി പ്രദേശങ്ങളോടു ചേർന്ന് ലക്ഷങ്ങൾ മുടക്കി നിർമിച്ച ആയിരത്തിൽ അധികം കെട്ടിടങ്ങളാണ് പൂർണമായോ, ഭാഗികമായോ നിലം പൊത്തിയത്.

മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സന്ദർശനത്തിന് വരുമ്പോൾ താമസിക്കാൻ ഉപയോഗിച്ചിരുന്ന ബംഗ്ലാവുകളും ഇതിൽ ഉൾപ്പെടുന്നു. കാടുമൂടിയ കെട്ടിടങ്ങൾ പലതും പൂർണമായി നശിച്ചു. തടിയുരുപ്പടികൾ ഉൾപ്പെടെയുള്ളവ മോഷ്ടാക്കൾ അപഹരിക്കുകയും ചെയ്തു.

പൊന്മുടി വിനോദ സഞ്ചാര കേന്ദ്രത്തിൽ ഉൾപ്പെടെ നശിച്ചു കൊണ്ടിരിക്കുന്ന കെട്ടിടങ്ങൾ നവീകരിച്ച് വിനോദ സഞ്ചാരികൾക്ക് താമസ സൗകര്യമൊരുക്കാനുള്ള ശ്രമങ്ങളുണ്ടായെങ്കിലും ബോർഡ് അധികൃതരുടെ എതിർപ്പ് മൂലം നടപടികൾ ഫയലിൽ ഒതുങ്ങി.

സുരക്ഷാ കാരണങ്ങളുന്നയിച്ചാണു പഴയ കെഎസ്ഇബി ക്വാർട്ടേഴ്സുകൾ നവീകരിക്കുന്നതിനും സഞ്ചാരികളെ താമസിപ്പിക്കുന്നതിനും കെഎസ്ഇബി എതിർപ്പ് പ്രകടിപ്പിച്ചത്. നിലവിൽ താമസയോഗ്യമായ ക്വാർട്ടേഴ്സുകളും നവീകരിച്ച് സംരക്ഷിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

ജില്ലയിൽ പല സ്ഥലത്തും 2018 ലെ പ്രളയത്തിനു ശേഷം വീട് നഷ്ടപ്പെട്ട കുടുംബങ്ങളെ കെഎസ്ഇബി ക്വാർട്ടേഴ്സുകളിൽ താമസിക്കാൻ അനുവദിച്ചിരുന്നു. പിന്നീട് വീട് ലഭ്യമായ കുടുംബങ്ങൾ പിന്നീട് ക്വാർട്ടേഴ്സുകളിലെ താമസം അവസാനിപ്പിച്ചു.

ഈ കെട്ടിടങ്ങളിൽ പലതിലും അനർഹരായവർ താമസമാക്കിയിട്ടുണ്ടെന്നും വിവരമുണ്ട്. ബോർഡിന്റെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സുകൾ കൈകാര്യം ചെയ്യുന്നതിന് അതത് ഓഫിസുകളിൽ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എങ്കിലും പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങൾ സംരക്ഷിക്കുന്നതിന് നടപടിയില്ല.