പന്തളം:
എഴുതിയതും അച്ചടിക്കപ്പെട്ടതുമായ അക്ഷരങ്ങള്‍ ഭാവിയിലേക്കുള്ള കരുതല്‍ ധനമാണെന്ന സന്ദേശത്തോടെ മാന്തുക ഗവ യുപി സ്കൂളിലെ കുരുന്നുകൾ സാക്ഷരത പ്രവർത്തനങ്ങളിൽ പങ്കാളികളായി. ഓൺലൈൻ അസംബ്ലിയിൽ പ്രഥമാധ്യാപകൻ സുദർശനൻപിള്ള ഉദ്ഘാടനം ചെയ്തു.
ആത്മവിശ്വാസത്തോടെയും അന്തസ്സോടെയും ജീവിക്കുന്നതിനായി എഴുത്തും വായനയും ഗണിതവും ഉൾപ്പെടെ അറിവുകളും നൈപുണ്യങ്ങളും ആർജിക്കണമെന്നും താൻ ജീവിക്കുന്ന സമൂഹത്തിൻ്റെ പൊതുവികസനത്തിന് ഈ കഴിവുകൾ ഉപയോഗിക്കുകയും ചെയ്യുമ്പോഴാണ് ഒരാൾ ആധുനിക സമൂഹത്തിൽ സാക്ഷരൻ എന്നു വിശേഷിപ്പിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാംക്ലാസ് വിദ്യാർഥിനി അല്ലി വിജയൻ മാന്തുക, മോഡി വടക്കേതിൽ 86 വയസ്സുള്ള വെളുമ്പി മുത്തശ്ശിക്ക് അക്ഷരങ്ങൾ പറഞ്ഞുകൊടുത്ത് സാക്ഷരത പ്രവർത്തനത്തിന് തുടക്കം കുറിച്ചു. മുത്തശ്ശിയെ എഴുതാനും വായിക്കാനും പഠിപ്പിക്കും എന്ന ദൃഢനിശ്ചയത്തിലാണ് അല്ലി വിജയൻ.
സ്കൂൾ അധ്യാപകരായ രാജീമോൾ, സബിതകുമാരി, രജനി ദേവി എന്നിവർ സാക്ഷരത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.