ഇടുക്കി:
പട്ടയമേളയില്‍ നിന്ന് കെ ഡി എച്ച് വില്ലേജിനെ വീണ്ടും പൂര്‍ണ്ണമായി ഒഴിവാക്കി സര്‍ക്കാര്‍. ആയിരക്കണക്കിന് തൊഴിലാളികളും സാധരണക്കാരും താമസിക്കുന്ന വില്ലേജില്‍ പതിനായിരക്കണക്കിന് പട്ടയ അപേക്ഷകളാണ് കെട്ടികിടക്കുന്നത്.
ഭൂമി പ്രശ്നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് പ്രദേശത്തെ പട്ടയമേളയില്‍ നിന്ന് ഒഴിവാക്കുന്നതില്‍ വ്യാപാരികള്‍ പ്രതിഷേധം ശക്തമാക്കി. മൂന്നാറിലെ ഭൂമിപ്രശ്നം അനന്തമായി നീളുന്നതാണ് കെ ഡി എച്ച് വില്ലേജില്‍ പട്ടയം നല്‍കാന്‍ സര്‍ക്കാരിന് കഴിയാത്തത്.
തൊഴിലാളികളും സാധരണക്കാരും അധിവസിക്കുന്ന മേഖലയില്‍ എന്ത് ചെയ്താലും വിവാദങ്ങള്‍ പൊട്ടിപുറപ്പെടുമെന്നതും പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക നിയമനിര്‍മ്മാണം ആവശ്യമാണെന്ന് കാട്ടി മുന്‍ സബ് കളക്ടര്‍ പ്രേംക്യഷ്ണനും മറ്റ് അധികാരികള്‍ക്കും നിരവധി കത്തുകളാണ് ബന്ധപ്പെട്ടവര്‍ സമര്‍പ്പിച്ചത്.
എന്നാല്‍ കത്തുകള്‍ നല്‍കിയിട്ടും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് യാതൊരുവിധ ഇടപെടലും നടക്കുന്നില്ലെന്ന് മാത്രമല്ല പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നുമില്ലെന്ന് വ്യാപാരികള്‍ ആരോപിച്ചു. ഓരോ പട്ടയമേളകളിലും മൂന്നാര്‍ നിവാസികളെ ഒഴിവാക്കിയാണ് സര്‍ക്കാര്‍ പട്ടയ വിതരണം യാഥാര്‍ത്യമാക്കുന്നത്.
പരിശോധനകള്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് പോലും പട്ടയം നല്‍കുന്നതിന് സര്‍ക്കാര്‍ തയ്യറാകാത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടാക്കുകയും ചെയ്യുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് വ്യാപാരി സംഘടകളുടെ ആവശ്യമെന്ന് വ്യാപാരി വ്യവസായി സമിതി പ്രസിഡന്‍റ് സി എച്ച് ജാഫര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്നാർ സെക്രട്ടറി രാജുശ്രീലക്ഷ്മി, ട്രഷറർ ഗണേഷൻ എന്നിവര്‍ പറയുന്നു.
സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് പട്ടയപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ കഴിയാത്തത് മൂന്നാറിന്‍റെ അടിസ്ഥാന വികസനത്തിന് പോലും കനത്ത തിരിച്ചടിയാണ് ഉണ്ടാവുന്നത്. മറ്റിടങ്ങളില്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗിച്ച് നിരവധി പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ വിനോദസഞ്ചാരികള്‍ ഏറെ എത്തുന്ന മൂന്നാറില്‍ ആധുനീക ശൗചാലയം പോലും നിര്‍മ്മിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രദേശിക ഭരണകൂടം.