തെന്മല:
ദേശീയപാതയിൽ നിന്നും ടൂറിസ്റ്റുകൾ റെയിൽവേ പാതയിലേക്ക് എത്തുന്ന വഴികളെല്ലാം റെയിൽവേ അടയ്ക്കുന്നു. എംഎസ്എൽ വയോഡക്ടിലേക്കുള്ള പ്രവേശന കവാടത്തിൽ കഴിഞ്ഞദിവസം ഗേറ്റ് സ്ഥാപിച്ചു. പതിമൂന്നുകണ്ണറ പാലത്തിന്റെ മുകളിലേക്കുള്ള പടിക്കെട്ടിൽ ഗേറ്റ് സ്ഥാപിക്കാനായി ഇരുമ്പ് പൈപ്പ് സ്ഥാപിച്ചു.
റെയിൽപാതയിലേക്ക് സഞ്ചാരികൾ എത്തുന്നത് റെയിൽവേയുടെ സുരക്ഷയെ ബാധിക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗേറ്റ് സ്ഥാപിക്കൽ. 6 മാസം മുൻപ് പതിമൂന്നുകണ്ണറ പാലത്തിലേക്ക് പ്രവേശിക്കാതിരിക്കാൻ കമ്പി സ്ഥാപിച്ചിരുന്നു.
ഈ കമ്പി സഞ്ചാരികൾ നീക്കം ചെയതതോടെയാണ് റെയിൽവേ ഗേറ്റ് സ്ഥാപിക്കുന്നതിലേക്കു കടന്നത്. കഴിഞ്ഞദിവസം പാലത്തിന്റെ മുകളിലേക്കെത്തുന്ന പടിക്കെട്ടിന്റെ മദ്ധ്യഭാഗത്താണ് ഗേറ്റ് സ്ഥാപിക്കാനായി ഇരുമ്പ് പൈപ്പ് സ്ഥാപിച്ചത്.
പൈപ്പ് ഉറച്ചുകഴിഞ്ഞാൽ ഇന്നോ നാളെയോ ഗേറ്റ് സ്ഥാപിക്കും. ഗേറ്റ് പടിക്കെട്ടിന്റെ സമീപത്തു കൊണ്ടു വച്ചിട്ടുണ്ട്. പാലത്തിന്റെ അടി ഭാഗത്ത് വാഹനം പാർക്കിങ് ഒഴിവാക്കാൻ പാളവും കുഴിച്ചിട്ടു.
എംഎസ്എൽ വയോഡക്ടിലേക്കുള്ള പടിക്കെട്ടിൽ ഗേറ്റ് സ്ഥാപിച്ചു കഴിഞ്ഞു. പടിക്കെട്ടുവഴി ടൂറിസ്റ്റുകൾ വയോഡക്ടിലും തുരങ്കങ്ങളിലേക്കും പ്രവേശിക്കുമായിരുന്നു. ഇത് ഒഴിവാക്കാനാണ് ഗേറ്റ് സ്ഥാപിച്ചത്.
കഴിഞ്ഞ ഓണക്കാലത്ത് വയോഡക്ട്, പതിമൂന്നുകണ്ണറ എന്നിവടങ്ങളിൽ സഞ്ചാരികൾ ധാരാളമായി എത്തിയിരുന്നു. ഇവിടെ തടിച്ചുകൂടിയ സഞ്ചാരികൾക്കെതിരെ കോവിഡ് മാനദണ്ഡം പാലിക്കാത്തതിന് തെന്മല പൊലീസ് കേസ് എടുത്തിരുന്നു.
റെയിൽവേയുടെ നടപടി വിനോസഞ്ചാരത്തോടുള്ള വെല്ലുവിളിയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ജില്ലയുടെതന്നെ പ്രധാന ടൂറിസം കേന്ദ്രമാണ് തെന്മല, ആര്യങ്കാവ് മേഖല. ഇവിടെ എത്തുന്ന സഞ്ചാരികൾ പതിമൂന്നുകണ്ണറപ്പാലം സന്ദർശിച്ചാണ് മടങ്ങുന്നത്.
പാലത്തിന്റെ മനോഹാരിത ആസ്വദിക്കാനായി പാലത്തിന്റെ അടിവശത്താണ് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്. പാലത്തിന്റെ അടിയിൽ റെയിൽവേ പാളം കുഴിച്ചിട്ടതോടെ വാഹനങ്ങൾ ദേശീയപാതയിലാണ് ഇപ്പോൾ നിർത്തുന്നത്.
ഇത് ഗതാഗത കുരുക്കിനും അപകടത്തിനും കാരണമാവാം. പാലത്തിന്റെ മുകളിൽ നടപ്പാത നിർമിച്ചിട്ടുള്ളതിനാൽ സുരക്ഷാ പ്രശ്നം ഉദിക്കുന്നില്ലെന്ന് പതിമൂന്നുകണ്ണറ പാലം പ്രൊട്ടക്ഷൻ ഫോറം പ്രസിഡന്റ് എ ടി ഫിലിപ്പ് പറഞ്ഞു.
റെയിൽവേ ഉന്നത ഉദ്യോഗസ്ഥരെ തെറ്റിധരിപ്പിച്ചാണ് പാലത്തിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം വിലക്കിയിരിക്കുന്നതെന്നും ഇതിനെതിരെ ദക്ഷിണ റെയിൽവേ ജനറൽ മാനേജരെ സമീപിച്ചിട്ടുണ്ടൈന്നും ഫിലിപ്പ് അറിയിച്ചു.