Mon. Dec 23rd, 2024

വൈപ്പിൻ:

വളപ്പ് കടലിൽ മുങ്ങിത്താണ കുട്ടികളെ രക്ഷപ്പെടുത്തിയത് മത്സ്യത്തൊഴിലാളികൾ. പറമ്പാടി രഘു, പുളിയനാർപറമ്പിൽ സതീഷ് എന്നിവരാണ്‌ രക്ഷകരായത്‌.  പകൽ മൂന്നോടെ കടൽത്തീരത്തെത്തിയപ്പോഴാണ് കുട്ടികളുടെ കരച്ചിൽ കേട്ടത്.

തീരത്തുണ്ടായിരുന്ന ഒരു വഞ്ചി ഇവർ കടലിൽ ഇറക്കി രക്ഷാപ്രവർത്തനം നടത്തി. കരയിൽനിന്ന് 50 മീറ്റർ അകലെയായിരുന്നു കുട്ടികൾ. ശക്‌തമായ തിര ഉണ്ടായിരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നെന്ന്‌ സതീഷ് പറഞ്ഞു.

അർജുനെയാണ്‌ ആദ്യം  വഞ്ചിയിൽ കയറ്റിയത്. പിന്നീട് ദ്രുപൻ, ആഷ്‌ലിൻ എന്നിവരെക്കൂടി രക്ഷപ്പെടുത്തി. അർജുന് കൃത്രിമശ്വാസം നൽകിയതായി സതീഷ് പറഞ്ഞു. എന്നാൽ അവശനായിരുന്നു.

കുട്ടികളെയെല്ലാവരെയും  ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടലിൽ കുളിക്കാനിറങ്ങിയ അഞ്ചു കുട്ടികൾ അപകടത്തിൽപ്പെട്ട ഉടൻ വളപ്പ് ബീച്ചിലെത്തി തുടർനടപടികൾക്ക് കെ എൻ ഉണ്ണി ക്കൃഷ്ണൻ എംഎൽഎ നേതൃത്വം നൽകി. തുടർന്ന് എറണാകുളത്ത് ജനറൽ ആശുപത്രിയിലുമെത്തി ക്രമീകരണങ്ങളൊരുക്കി.