Sun. Feb 23rd, 2025

ആലപ്പുഴ:

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച കൊവിഡ് രോഗിയുടെ മൃതദേഹം മാറി നൽകി. കായംകുളം സ്വദേശിയുടെ മൃതദേഹമാണ് മാറി നൽകിയത്. കൊവിഡ് ഐസിയുവിൽ ചികിത്സയിലായിരുന്ന ചേർത്തല സ്വദേശി കുമാരനും കൊവിഡ് വാർഡിൽ ചികിത്സയിലായിരുന്ന കായംകുളം കൃഷ്ണപുരം സ്വദേശി രമണനും ഇന്ന് വൈകിട്ടോടെ മരണപ്പെട്ടിരുന്നു.

നടപടികൾ പൂർത്തിയാക്കി രണ്ട് പേരുടേയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയപ്പോൾ ആണ് മൃതദേഹം മാറി നൽകി പോയത്. കായംകുളം സ്വദേശിയുടെ മൃതദേഹമാണ് ചേർത്തല സ്വദേശിയുടെ ബന്ധുക്കൾക്ക് മാറി നൽകിയത്. മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾ ചേർത്തലയിലേക്ക് പോകുകയും ചെയ്തു.

ഇതേ സമയം മെഡി.കോളേജിൽ കാത്തിരുന്ന കായംകുളം സ്വദേശിയുടെ ബന്ധുക്കൾ മൃതദേഹം വിട്ടുകിട്ടാൻ വൈകിയതിനെ തുടർന്ന് അധികൃതരെ സമീപിച്ചപ്പോൾ ആണ് മൃതദേഹം മാറി നൽകിയെന്ന് വ്യക്തമായത്. ഇതോടെ ചേർത്തലയിലേക്ക് പോയ ആംബുലൻസ് തിരികെ വിളിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഇരുകൂട്ടരുടേയും ബന്ധുക്കളും ആശുപത്രി ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്.