കാരമുക്ക് ∙
പട്ടാപ്പകൽ ഭീഷണി മുഴക്കി വീടുകൾ ആക്രമിക്കുകയും ജനൽച്ചില്ലുകൾ തകർക്കുകയും ചെയ്ത രണ്ടു പേരിൽ ഒരാൾ അറസ്റ്റിൽ. ചാത്തംകുളങ്ങര ക്ഷേത്രത്തിനു സമീപം തണ്ടയാംപറമ്പിൽ ലോഹിതാക്ഷൻ, ടെലിഫോൺ എക്സ്ചേഞ്ചിനു സമീപം ദളിത് കോൺഗ്രസ് മണലൂർ മണ്ഡലം പ്രസിഡന്റ് വാസു വെളളാഞ്ചേരി എന്നിവരുടെ വീടുകൾ ആക്രമിച്ച ചാഴൂർ ഹെൽത്ത് സബ് സെന്ററിനടുത്തു നമ്പേരി സമ്പത്തിനെയാണു (36) പിടികൂടിയത്.
കൂടെയുണ്ടായിരുന്ന സായൂജ് ഒളിവിലാണ്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. ബൈക്കിലെത്തിയ സമ്പത്തും സായൂജും ആദ്യം ആക്രമിച്ചതു വാസു വെളളാഞ്ചേരിയുടെ വീടാണെന്നു പൊലീസ് പറഞ്ഞു.
സംഘം ജനൽച്ചില്ലുകൾ തകർത്തു. ഈ സമയം വാസുവിന്റെ ഭാര്യ മാത്രമാണു വീട്ടിലുണ്ടായിരുന്നത്. തുടർന്ന് ഉച്ചയ്ക്കു 12നു സമ്പത്തിന്റെ മുൻ ഭാര്യ ലിഗിത, ഇവരുടെ മകൾ, ലിഗിതയുടെ അച്ഛൻ ലോഹിതാക്ഷൻ എന്നിവർ താമസിക്കുന്ന വീട്ടിലെത്തി ഭീഷണി മുഴക്കിയ പ്രതികൾ വീടിന്റെ ചുറ്റും ആക്രോശിച്ചു നടന്നു ജനൽച്ചില്ലുകൾ തകർക്കുകയായിരുന്നു.
വീടിന്റെ വാതിലുകൾ ചവിട്ടിപ്പൊളിക്കാനും ശ്രമിച്ചു. തുടർന്നു ലോഹിതാക്ഷൻ പൊലീസിനെ വിളിക്കുകയായിരുന്നു. അന്തിക്കാട് ഇൻസ്പെക്ടർ കെഎച്ച് റിനീഷ്, സിപിഒമാരായ സുർജിത്, അലിക്കുട്ടി എന്നിവരടങ്ങിയ സംഘമാണ് ഇവരെ കാരമുക്കിലെ ചാത്തംകുളങ്ങരയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
സമ്പത്ത് ഏതാനും വർഷം മുൻപു രാത്രി വന്നു ലിഗിതയെ അപായപ്പെടുത്താൻ വീടിന്റെ ഉള്ളിലേക്ക് അണലിപ്പാമ്പിനെ ഇട്ടിരുന്നുവെന്നും ഈ കേസ് കോടതിയിൽ നടന്നു വരികയാണന്നും ലിഗിത പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. 2012 സെപ്റ്റംബർ 8നാണു സമ്പത്തും ലിഗിതയും വിവാഹിതരായത്.
കുഞ്ഞു ജനിച്ച ശേഷം ഭർത്താവിൽ നിന്നുള്ള ഉപദ്രവം മൂലം 2016 മുതൽ സ്വന്തം വീട്ടിലാണു താമസമെന്നും ലിഗിത പറഞ്ഞു. കുടുംബകോടതി ജീവനാശം നൽകാൻ വിധിച്ചെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല.