Mon. Dec 23rd, 2024

പാലക്കാട് ∙

വ്യജക്കള്ള് നിർമാണകേസ് അന്വേഷണം ഊർജിതമായി നടക്കുന്നതിനിടെ, ഒ‍ാണസമയത്തു ബാർ, കള്ളു ഷാപ്പ് ഉടമകളിൽനിന്നു ഭീഷണിപ്പെടുത്തി പണംപിരിച്ച സംഭവത്തിൽ എക്സൈസ് ഒ‍ാഫിസറെ സസ്പെൻഡ് ചെയ്തു. എക്സൈസ് വിജിലൻസ് എസ്പി മുഹമ്മദ് ഷാഫിയുടെ അന്വേഷണ റിപ്പേ‍ാർട്ടിന്റെ അടിസ്ഥാനത്തിൽ പാലക്കാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എച്ച് വിനുവിനെയാണു എക്സൈസ് കമ്മിഷണർ എസ് ആനന്ദകൃഷ്ണൻ സസ്പെ‍ൻഡ് ചെയ്തത്.

കഴിഞ്ഞവർഷം നൽകിയതിന്റെ ഇരട്ടിതുക ഒ‍ാഫിസർ ഇരുഭാഗത്തേ‍ാടും ചേ‍ാദിച്ചെന്നാണു പരാതി. കേ‍ാവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ട് ആവർത്തിച്ചു വ്യക്തമാക്കിയ ബാർ ഉടമകൾക്കെതിരെ ഉദ്യേ‍ാഗസ്ഥൻ കടുത്ത അസഭ്യം പറയുകയും പണം തന്നില്ലെങ്കിൽ സ്ഥാപനം നടത്തിക്കില്ലെന്നും ജാമ്യമില്ലാത്ത കേസിൽപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും കയ്യേറ്റത്തിനും ശ്രമിച്ചെന്നും പരാതിയുണ്ട്. അണക്കപ്പാറ കേസിൽ സസ്പെൻഷനിലുള്ള ഇൻസ്പെക്ടറുടെ പേരിൽ ഉൾപ്പെടെ മേഖലയിലെ മൂന്ന് ഉദ്യേ‍ാഗസ്ഥർക്കായി 30,000 രൂപവീതം ആകെ ഒരു ലക്ഷം രൂപ ഇൻസ്പെക്ടർ ആവശ്യപ്പെട്ടെന്നാണ് വിജിലൻസിനു ലഭിച്ച വിവരം.

രണ്ട് ഉദ്യേ‍ാഗസ്ഥർക്കെ‍ാപ്പമാണ് ഉടമകൾക്കടുത്തു പേ‍ായതെങ്കിലും രൂക്ഷമായ തർക്കമുണ്ടായതിനെ തുടർന്ന് സംഘം പണം വാങ്ങാതെ മടങ്ങി. പിന്നീട് ഒറ്റയ്ക്കു നഗരത്തിലെ പ്രമുഖ ബാറിലെത്തി കൈക്കൂലി വാങ്ങിയെന്നാണ് ആരേ‍ാപണം.

കഞ്ചിക്കേ‍ാട്ടെ 3 ഡിസ്‌ലറി ഉടമകളിൽനിന്നു മാസപ്പടി പറ്റുന്നതായും സ്പിരിറ്റ് കടത്തുകാർക്കു വിവരം ചേ‍ാർത്തിനൽകുന്നതായും ഇദ്ദേഹത്തിനെതിരെ നേരത്തെ ആരേ‍ാപണം ഉയർന്നിരുന്നു. അണക്കപ്പാറ വ്യാജമദ്യ നിർമാണ കേസ് പ്രധാന പ്രതി സേ‍ാമൻനായരുടെ സമൂഹമാധ്യമ സുഹൃത്തെന്ന നിലയിൽ ഇദ്ദേഹത്തിനെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്.