Sat. Apr 27th, 2024

പാലക്കാട് ∙

മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു നിരോധിത മേഖലയിൽ അമിതവേഗത്തിൽ കാർ ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യുട്യൂബ് വ്ലോഗർമാരിൽനിന്നു മോട്ടർ വാഹന വകുപ്പ് 10,500 രൂപ പിഴയീടാക്കി. അമിതവേഗത്തിൽ വാഹനമോടിച്ചതിനും വാഹനത്തിനു രൂപമാറ്റം വരുത്തിയതിനുമാണു കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയിൽനിന്നു പിഴയീടാക്കിയതെന്നു മോട്ടർ വാഹന വകുപ്പ് കോഴിക്കോട് എൻഫോഴ്സ്മെന്റ് വിഭാഗം അറിയിച്ചു.

അകമലവാരം കവയിൽ 2 പേർ നടത്തിയ വാഹനാഭ്യാസ പ്രകടനത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതു ശ്രദ്ധയിൽ പെട്ടതോടെയാണ് അധികൃതർ നടപടി സ്വീകരിച്ചത്. വീതികൂടിയ ടയറുകളാണ് വാഹനത്തിൽ ഉപയോഗിച്ചത്.

ഇതു മാറ്റി പഴയതുപോലെ ആക്കിയിട്ടുണ്ടെന്നു വ്ലോഗർമാർ അറിയിച്ചു. വാഹനം കോഴിക്കോട് ആർടിഒ ഓഫിസിലാണു താൽക്കാലിക റജിസ്ട്രേഷൻ നടത്തിയിരുന്നത്.

അതേസമയം, ഡാമിന്റെ വൃഷ്ടിപ്രദേശത്ത് നിരോധിത മേഖലയിൽ അതിക്രമിച്ചു കയറിയവർക്കെതിരെ ജലവിഭവ ‌വകുപ്പ് ഇതുവരെ പരാതി നൽകിയില്ല. ഇന്നു സ്ഥലം സന്ദർശിച്ച ശേഷം പൊലീസിൽ പരാതി നൽകുമെന്ന് അധികൃതർ അറിയിച്ചു.